
ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാരത്തിന് കരുത്തുപകരാൻ മറ്റൊരു വെള്ളച്ചാട്ടത്തിന്റെ വാതായനം തുറക്കണമെന്ന് യാത്രാപ്രേമികൾ. വെറ്റിലപ്പാറ തോൽമേൽ മലയിടുക്കിൽ നിന്നും ആരംഭിക്കുന്ന വാളാറ തോടിനോടനുബന്ധിച്ച വെള്ളച്ചാട്ടം ഉയരത്തിൽ അതിരപ്പിള്ളിയേക്കാൾ ഒന്നര മടങ്ങ് വലുതാണ്. മൂന്ന് തട്ടായി വെള്ളം താഴേയ്ക്ക് പതിക്കുന്ന അപൂർവ്വ കാഴ്ചയുമുണ്ട്. വനസുരക്ഷയുടെ ഭാഗമായി ഇവിടേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.
രണ്ടര പതിറ്റാണ്ട് മുമ്പുവരെ ചാലക്കുടി പ്രദേശത്തെ ആളുകൾ സാഹസിക യാത്രയ്ക്കായി വെള്ളച്ചാട്ടത്തിലെത്തുമായിരുന്നു. പിന്നീടാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. അക്കാലത്ത് പാറക്കെട്ടിൽ നിന്ന് വീണ് രണ്ട് യുവാക്കൾ മരിച്ചതും അതിന് കാരണമായി.
തുലാവർഷത്തിൽ ജീവൻ വയ്ക്കുന്ന തോടും വെള്ളച്ചാട്ടവും കടുത്ത വേനൽ വരെ നീളും. മുകളിൽ വെള്ളം കെട്ടിനിറുത്താൻ സംവിധാനമില്ലാത്തതിനാൽ ജനുവരി മുതൽ ഏപ്രിൽ അവസാനം വരെ ഈ ജലപാതത്തെ നിശബ്ദമാക്കും. എന്നാൽ വെള്ളച്ചാട്ടത്തിന് താഴെ തോട്ടിലെ വിശാലമായ വട്ടക്കുളം ഒരുകാലത്തും വറ്റാറില്ല. വേനലിൽ സകല മൃഗങ്ങളും വെള്ളം തേടിയെത്തും. അതിരപ്പിള്ളി റോഡിലെ വെറ്റിലപ്പാറ പതിമൂന്നിൽ നിന്ന് ഒരു കിലോ മീറ്റർ ദൈർഘ്യമുള്ള വരടക്കയം റോഡാണ് ഏക സഞ്ചാര മാർഗ്ഗം.
ഇവിടെ നിന്നും തോടിന് സമാന്തരമായി 1.5 കിലോമീറ്റർ വനഭൂമിയിലൂടെ സഞ്ചരിച്ചാൽ വാളാറ വെള്ളച്ചാട്ടിന് താഴെയെത്തും. ഇത്രയും ദൂരം പുതിയ റോഡ് നിർമ്മിച്ച് വെള്ളച്ചാട്ടത്തിലേയ്ക്ക് വിനോദ സഞ്ചാരം അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ട് പഴക്കമുണ്ട്. എട്ട് വർഷം മുമ്പ് അന്നത്തെ എം.എൽ.എ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ബന്ധപ്പെട്ട് സർവേ നടത്തി. പിന്നീട് തുടർ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ദിവസം വനം വകുപ്പ് യോഗത്തിൽ എം.എൽ.എ സനീഷ്‌കുമാർ ജോസഫ്, വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കുണ്ടൂർമേട് വെള്ളച്ചാട്ടവും ഉൾപ്പെടുത്തി അതിരപ്പിള്ളിയിലേയ്ക്ക് പുതിയ ടൂറിസം പാക്കേജ് വേണമെന്നായിരുന്നു ആവശ്യം.
അതിരപ്പിള്ളിയേക്കാൾ രൗദ്രം
വാളാറ, തോൽമേൽ എന്നീ മലയിടുക്കുകളിൽ നിന്നും ആരംഭം
500 മീറ്റർ പിന്നിടുമ്പോൾ അതിരപ്പിള്ളിയേക്കാൾ ഒന്നര മടങ്ങ് ഉയരം
വട്ടക്കുളത്തിന് മുമ്പ് പാമ്പേന്റെ ഓണ്ടൽ മലയിൽ നിന്നും ഉത്ഭവിക്കുന്ന മറ്റാരു നീർച്ചാലും വാളാറ തോട്ടിൽ സംഗമിക്കും
തോട് ചാലക്കുടിപ്പുഴയിൽ ചേരുന്നത് രണ്ടര കിലോമീറ്റർ സഞ്ചരിച്ച്.
വാളാറക്കുത്ത് അതിരപ്പിള്ളി വിനോദ സഞ്ചാരത്തിന് മുതൽക്കൂട്ടാക്കും
സനീഷ്‌കുമാർ ജോസഫ്
എം.എൽ.എ
വരടക്കയത്തിന് നിന്ന് 1.5 കി.മീ. ദൂരത്തിൽ വനത്തിലൂടെ റോഡ് നിർമ്മിച്ചാൽ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തെത്തും. പ്രകൃതിക്ക് കോട്ടം തട്ടില്ല. വാഹന പാർക്കിംഗിന് വിശാലമായ സൗകര്യവും.
സുരേന്ദ്രൻ
പതിയാരി നാട്ടുകാരൻ.