ചാലക്കുടി: സ്ഥിരം സമിതി അദ്ധ്യക്ഷരുടെ മാറ്റത്തെത്തുടർന്ന് പുതിയ സ്ഥിരം സമിതി അദ്ധ്യക്ഷരെ കണ്ടെത്തൽ നഗരസഭ ഭരണ സമിതിക്ക് തലവേദനയാകുന്നു. മുൻ ധാരണയനുസരിച്ച് നിലവിലെ അദ്ധ്യക്ഷരെല്ലാം രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പുതിയ ആളുകളെ തിരഞ്ഞെടുക്കലാണ് കുരുക്കിലായത്. മുൻ ചെയർമാൻ വി.ഒ.പൈലപ്പൻ വിഭാഗത്തിലെ വത്സൻ ചമ്പക്കരയ്ക്ക് ആരോഗ്യ വിഭാഗവും പ്രീതി ബാബുവിന് പൊതു മരാമത്തും കൊടുക്കണമെന്ന് രഹസ്യ ധാരണയുണ്ടായിരന്നുവെന്ന് പറയുന്നു. എന്നാൽ നിലവിലെ ചെയർമാൻ എ.ബി ജോർജ്ജ് ഇതിനെ തടയിടാൻ ശ്രമിച്ചതാണ് പ്രശ്‌നം സങ്കീർണമാക്കിയത്. വത്സൻ ചമ്പക്കരയെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന ചെയർമാൻ, ഇതിനായി പല തന്ത്രങ്ങളും പ്രയോഗിച്ചതായാണ് ആരോപണം. ആദ്യഘട്ടത്തിലെ സ്ഥിരം സമിതി അദ്ധ്യക്ഷരെ സ്ഥാനം ഏൽപ്പിക്കണമെന്ന് നിർദ്ദേശമുണ്ടായത് ഇതിന്റെ ഭാഗമാണെന്ന് പറയുന്നു. എന്തായാലും സങ്കീർണ്ണമായി പ്രശ്‌നം പരിഹരിക്കുന്നതിന് ബെന്നി ബഹ്നാൻ എം.പിയും സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും അനുരഞ്ജന യോഗം വിളിച്ചിരിക്കുകയാണ്. ചർച്ചകൾ മുറുകുമ്പോൾ പൈലപ്പൻ വിഭാഗത്തിലെ വനിതാ കൗൺസിലർ മറുകണ്ടം ചാടുകയും ചെയ്തു. ഇതിനിടെ വൈസ് ചെയർപോഴ്‌സൺ സ്ഥാനത്തേയ്ക്ക് പുതിയ വനിതയെ കണ്ടെത്തണമെന്ന് മുൻ തീരുമാനവും വിവാദത്തിലായി.