തൃശൂർ: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത കുതിരാൻ തൃശൂർ ദിശയിലേക്കുള്ള തുരങ്കം തുറന്നു. തുരങ്കത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയായി പരിശോധന കഴിഞ്ഞതോടെയാണ് വെള്ളിയാഴ്ച രാത്രി 11.15ന് വാഹനങ്ങൾ കടത്തിവിട്ടത്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് അറ്റകുറ്റപണികൾക്കായി കഴിഞ്ഞ ആറ് മാസത്തോളമായി അടച്ചിട്ടത്. അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതിനെ തുടർന്ന് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ഒറ്റ തുരങ്കത്തിലൂടെയായിരുന്നു ഗതാഗതം. ജില്ലാ ഫയർ ഓഫീസർ എം.എസ്.സുവി, സ്‌റ്റേഷൻ ഓഫിസർ കെ.യു. വിജയകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം തുരങ്കത്തിൽ സുരക്ഷാ പരിശോധന നടത്തി. ദേശീയപാത അതോറിറ്റി അധികൃതരും പങ്കെടുത്തു. തുടർന്നാണ് തുറന്നുകൊടുത്തത്. ഇതോടെ പാലക്കാട്ടു നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ പഴയതുപോലെ ഇടതു തുരങ്കം വഴി ഗതാഗതം തുടങ്ങി. തുരങ്കത്തിൽ 490 മീറ്റർ ഭാഗത്താണ് മുകളിൽ ഗാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയാക്കിയത്. എക്‌സോസ്റ്റ് ഫാനുകളുടെയും ലൈറ്റുകളുടെയും പണിയും പൂർത്തിയാക്കി. വഴുക്കുമ്പാറ മേൽപാതയിൽ കഴിഞ്ഞ വർഷം ജൂലായിൽ റോഡ് തകർന്നതിനെത്തുടർന്ന് ആറ് മാസത്തിലധികം ഈ മേഖലയിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിരുന്നു.

ഗ്യാൻട്രി കോൺക്രീറ്റിംഗ് വൈകി


2021 ജൂലൈ 31നാണ് തുരങ്കം തുറന്നുകൊടുത്തത്. അപ്പോൾ ഇടത് തുരങ്കത്തിലെ ഗ്യാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയാക്കിയിരുന്നില്ല. ഉദ്ഘാടനത്തിന് ശേഷം വൈകാതെ പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. അതിനിടെ ഗ്യാൻട്രി കോൺക്രീറ്റിംഗ് നിർബന്ധമില്ലെന്നും പാനലുകൾ വച്ച് അടച്ചാൽ മതിയെന്നും അഭിപ്രായമുയർന്നു. പിന്നീടാണ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്.