തൃപ്രയാർ: രണ്ട് ബഡ്ജറ്റുകളിലായി നീക്കി വച്ചത് എട്ട് കോടി രൂപ. എന്നിട്ടുമായില്ല തൃപ്രയാറിൽ ബസ് സ്റ്റാൻഡ്. വർഷങ്ങളായി തകർന്നു കിടക്കുന്ന ബസുകൾ പാർക്ക് ചെയ്യുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് കമ്പികൾ പലതും പുറത്തുവന്ന അവസ്ഥയിലാണ്. ബസുകൾ അകത്തേക്കും പുറത്തേക്കും കടക്കുന്ന ഭാഗങ്ങൾ അപ്പാടെ തകർന്നിരിക്കയാണ്.
ഗീത ഗോപി എം.എൽ.എ ആയിരിക്കുമ്പോഴാണ് ബസ് സ്റ്റാൻഡ് രൂപകൽപ്പന ചെയ്തത്. അവർ ഇടപെട്ട് പുനർനിർമ്മാണത്തിനായി ബഡ്ജറ്റിൽ അഞ്ച് കോടി രൂപയും വകയിരുത്തി. എന്നാൽ അന്നത്തെ നാട്ടിക പഞ്ചായത്ത് കോൺഗ്രസ് ഭരണസമിതി മൂന്ന് നിലകളിലായി ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോപ്ലക്‌സ് സ്ഥാപിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശം അംഗീകരിച്ചില്ല. മൾട്ടിപ്ലക്‌സ് തിയേറ്ററും ഹാളും അണ്ടർഗ്രൗണ്ട് പാർക്കിംഗുമായുള്ള ബസ് സ്റ്റാൻഡ് വേണമെന്ന നിലപാടായിരുന്നു ഭരണസമിതിക്ക്. പക്ഷെ തൃപ്രയാർ പോലുള്ള ചെറിയ ടൗണിൽ ഇത്രയും വലിയകെട്ടിടം വേണ്ടെന്ന അഭിപ്രായമായിരുന്നു മിക്ക രാഷ്ട്രീയപാർട്ടികൾക്കും നാട്ടുകാർക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണം മാറി. മൂന്ന് നിലകളിൽ ബസ് സ്റ്റാൻഡെന്ന പ്ലാനിലേക്ക് പുതിയ എൽ.ഡി.എഫ് ഭരണസമിതി എത്തിച്ചേർന്നു. വീണ്ടും ബഡ്ജറ്റിൽ സ്റ്റാൻഡിനായി മൂന്ന് കോടി രൂപ കൂടി അനുവദിച്ചു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനയും ചർച്ചകളും നടന്നു. സ്ഥലം കൈയേറിയിട്ടുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് ബസ് സ്റ്റാൻഡിനായി നിശ്ചയിച്ച സ്ഥലം അളന്നു തിട്ടപ്പെടുത്തി. പ്രാഥമിക രൂപരേഖയും തയ്യാറാക്കി. നിലവിലുള്ള കെട്ടിടത്തിനകത്തെ വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചിട്ട് മാസങ്ങളായി. ഭരണസമിതിയുടെ കാലാവധി നാല് വർഷം പൂർത്തിയായിട്ടും നിർമ്മാണ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. ബസ് സ്റ്റാൻഡ് നിർമ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
നിലവിലെ കെട്ടിടം പൊളിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനുമതി കിട്ടിയാലുടൻ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കും.
- എം.ആർ. ദിനേശൻ (പ്രസിഡന്റ്, നാട്ടിക പഞ്ചായത്ത്)