മാള: പോസ്റ്റ്മാൻ ഇല്ലാത്തത് മൂലം കുരുവിലശ്ശേരി പോസ്റ്റ് ഓഫീസിൽ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും ധനകാര്യ സ്ഥാപനങ്ങളും ഈ പോസ്റ്റ് ഓഫീസ് പരിധിയിലാണ്. സർക്കാർ നോട്ടീസുകളും ബാങ്കിന്റെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും അറിയിപ്പുകളും മറ്റും മാസങ്ങളായി വിതരണം ചെയ്യാതെ ഇവിടെ കെട്ടിക്കിടക്കുകയാണ്. എട്ടുവർഷം മുമ്പ് പോസ്റ്റ്മാൻ വിരമിച്ച ശേഷം നിയമനം നടന്നിട്ടില്ല. താത്കാലിക ജീവനക്കാരെയാണ് നിയമിച്ചു വന്നിരുന്നത്. എന്നാൽ ശമ്പളം കുറവാണെന്ന് പറഞ്ഞ് ഇപ്പോൾ ആരും ജോലിക്ക് എത്തുന്നില്ല. പോസ്റ്റ് ഓഫീസ് പ്രവർത്തനത്തിന്റെ ദുരവസ്ഥ അറിഞ്ഞ് ഇന്നലെ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ പോസ്റ്റൽ ഇൻസ്‌പെക്ടറെ വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. പ്രശ്‌നത്തിന് താത്കാലികമായി പരിഹാരം കാണാമെന്ന് അവർ ഉറപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൊമനിക് ജോമോൻ, അംഗങ്ങളായ ഷിജി യാക്കോബ്, ജുമൈല സഗീർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
താത്കാലികമായി ഒരാളെ നിയമിക്കും. കെട്ടിക്കിടക്കുന്ന പോസ്റ്റൽ ഉരുപ്പടികൾ അടിയന്തരമായി വിതരണം നടത്താൻ ആവശ്യമെങ്കിൽ മറ്റൊരാളെ കൂടി നിയമിച്ച് പ്രശ്‌നം പരിഹരിക്കും.
- രജനി
(പോസ്റ്റൽ ഇൻസ്‌പെക്ടർ)