കൊടുങ്ങല്ലൂർ : പാസ്‌പോർട്ട് ലഭിക്കാനുള്ള തടസ്സം നീക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ലോക കേരളസഭ ആവശ്യപ്പെട്ടു. പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇ.ടി. ടൈസൺ എം.എൽ.എയാണ് ഇതുസംബന്ധിച്ച പ്രമേയം ലോക കേരളസഭയിൽ അവതരിപ്പിച്ചത്. പാസ്‌പോർട്ടിന് അപേക്ഷ നൽകിയതിനു ശേഷം മേൽവിലാസം മാറുകയോ വീട് മാറി താമസിക്കുകയോ ചെയ്താൽ പോസ്റ്റ്മാൻ പാസ്‌പോർട്ട് നൽകുന്നില്ല. ഇതുമൂലം പെട്ടെന്ന് വിദേശത്തേക്ക് പോകേണ്ടവർക്ക് വലിയ വിഷമം നേരിടുന്നു. പോസ്റ്റ് ഓഫീസിൽ നിന്നും തിരിച്ചയച്ച പാസ്‌പോർട്ട് കിട്ടാൻ വലിയ കാലതാമസവും നൂലാമാലയും ഉണ്ടാകുന്നു. പാസ്‌പോർട്ടിന് അപേക്ഷിച്ച വ്യക്തി വേണ്ടത്ര തെളിവുകളോടെ ചെന്നാൽ പാസ്‌പോർട്ട് നൽകാൻ നടപടിയുണ്ടാകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.