ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ കെ.എ. ഗോപിയും കമ്മിറ്റിയംഗങ്ങളും പൊന്നാടയും ബൊക്കെയും നൽകി മന്ത്രിയെ സ്വീകരിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിരവധിയായ നവീകരണ പ്രവർത്തനങ്ങൾ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇത് വേഗത്തിലാക്കുന്നതിനുള്ള അപേക്ഷയും ദേവസ്വം സുരേഷ് ഗോപിക്ക് നൽകി. തുടർന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് നേന്ത്രപ്പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. 123 കിലോയോളം നേന്ത്രപ്പഴമാണ് വഴിപാടിനായി വേണ്ടി വന്നത്. ഇത് ക്ഷേത്രത്തിൽ വച്ച് ലേലം നടത്തുമെന്ന് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു. നാണയ പറ വഴിപാട് സുരേഷ് ഗോപി നടത്തിയിരുന്നു. കേന്ദ്രമന്ത്രിയായതിന് ശേഷം സുരേഷ് ഗോപിക്കുള്ള സ്വീകരണം വെള്ളിയാഴ്ച്ചയാണ് ഇരിങ്ങാലക്കുടയിൽ തീരുമാനിച്ചിരുന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കവിതാ ബിജു, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, മണ്ഡലം ജന.സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് എന്നിവർ കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.