ചേർപ്പ് : മുൻ സഹപ്രവർത്തകരുടെ ശ്രമഫലമായി ചേർപ്പ് പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറ ചേന്ദനും (82) കുടുംബത്തിനും ഇനി പുതുതായി പണി കഴിപ്പിച്ച സ്‌നേഹ വീട്ടിൽ കഴിയാം. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗത്തിൽ എൻ.എം.ആർ തസ്തികയിൽ നിന്ന് വിരമിച്ച ചേന്ദന് കയറിക്കിടക്കാൻ പോലും ഇടമില്ലാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച സഹപ്രവർത്തകരും, ഇപ്പോൾ സർവീസിലുള്ളവരും ചേർന്ന് വീട് നിർമ്മിച്ച് നൽകിയത്.
കിഡ്‌നി രോഗബാധിതനായ ചേന്ദൻ അസുഖബാധിതയായ ഭാര്യയ്‌ക്കൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഒന്നര സെന്റ് സ്ഥലം മാത്രമുള്ള ചേന്ദൻ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും സർക്കാർ പെൻഷൻ വാങ്ങുന്നതിനാൽ അപേക്ഷ നിരസിച്ചു. തുച്ഛമായ തുകയാണ് പെൻഷൻ ലഭിച്ചിരുന്നത്.അത് ഇവർക്ക് മരുന്നിന് പോലും തികഞ്ഞിരുന്നില്ല. ഇദ്ദേഹത്തിന്റെ ഒന്നര സെന്റ് സ്ഥലത്ത് 380 ചതുരശ്ര അടിയിൽ പണിത് നൽകിയ സ്‌നേഹവീട്ടിൽ ചെറിയ ഹാൾ, രണ്ട് കിടപ്പുമുറി, ശുചിമുറി, അടുക്കള എന്നിവയാണുള്ളത്. 5.58 ലക്ഷം വീടിന് ചെലവ് വന്നു. വീടിന്റെ താക്കോൽദാനം പൊതുമരാമത്ത് വകുപ്പ് റിട്ട: എക്‌സിക്യൂട്ടിവ് എൻജിനിയർ ഷീന കുരിയൻ നിർവഹിച്ചു.റിട്ട. അസിസ്റ്റന്റ് എൻജിനിയർ എം.ഡി.വിൻസെന്റ് അദ്ധ്യക്ഷനായി. വാർഡ് അംഗം അൽഫോൺസ പോൾസൺ, ഉണ്ണിക്കൃഷ്ണൻ, എൻ.കെ.ശശിധരൻ, സതീഷ് കുമാർ, അശോകൻ, മനു എന്നിവർ പ്രസംഗിച്ചു.