
ചേർപ്പ് : ചേർപ്പ് പഞ്ചായത്ത് ചങ്ങരയിൽ പാടത്ത് ഊരകത്ത് പ്രവർത്തിക്കുന്ന പിയ സൂപ്പർ മാർക്കറ്റിൽ നിന്നുള്ള പഴകിയ ഭക്ഷണ സാധനങ്ങളും, പ്ലാസ്റ്റിക് കവറും, കത്തിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും കണ്ടെത്തി. 31 ചാക്കുകളിലായി നിക്ഷേപിച്ച മാലിന്യം പുഴുവരിച്ച നിലയിലായിരുന്നു. ചേർപ്പ് പഞ്ചായത്ത് അംഗം പ്രിയലത പ്രസാദ്, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് ചാക്കുകെട്ടുകളിൽ നിന്ന് മാലിന്യം നിക്ഷേപിച്ച വ്യക്തിയുടെ വിവരം ലഭിച്ചത്.
മാലിന്യങ്ങളും, പ്ലാസ്റ്റിക്കും കത്തിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പിയ സൂപ്പർ മാർക്കറ്റ് ഉടമയിൽ നിന്നും ഇക്കഴിഞ്ഞ മേയിൽ പഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കി, താക്കീത് നൽകിയിരുന്നു. വീണ്ടും ചങ്ങരയിൽ പാടത്ത് മാലിന്യം കൊണ്ട് നിക്ഷേപിച്ചതിനാൽ പിയ സൂപ്പർ മാർക്കറ്റ് ഉടമയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.