photo
news

മുണ്ടൂർ: ഉദ്ഘാടനം കഴിഞ്ഞിട്ടും ഇപ്പോഴും വാടക കെട്ടിടത്തിൽ തുടർന്ന് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്. മുണ്ടൂരിലെ മറ്റൊരു കെട്ടിടത്തിൽ മൂന്നാം നിലയിൽ പ്രതിമാസം 54,000 രൂപ വാടകയ്ക്കാണ് നിലവിൽ ഓഫീസ് പ്രവർത്തനം. നിർമ്മാണം തുടങ്ങിയത് മുതൽ ഇതുവരെ 3.09 കോടിയോളം വാടക ഇനത്തിൽ മാത്രം ചെലവഴിച്ചു. കൂടാതെ പ്രായമായവർക്ക് സർക്കാർ സേവനത്തിനായി മൂന്നാം നിലയിൽ കയറേണ്ട അവസ്ഥയുമാണ്. ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളിലൊന്നാണ് മുണ്ടൂർ സബ് രജിസ്റ്റർ ഓഫീസ്.
നിർമ്മാണം പൂർത്തീകരിച്ച പുതിയ രജിസ്ട്രാർ ഓഫീസിന്റെ മതിൽക്കെട്ടും ഇപ്പോൾ അപകട ഭീഷണിയിലാണ്. ഉദ്ഘാടന സമയത്ത് പഴയ മതിൽക്കെട്ട് വെള്ള പൂശുകയാണ് ചെയ്തത്. 2018 ൽ 117 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർമ്മാണം തടസപ്പെട്ടു. തുടർന്ന് 2020 ൽ ശിലാസ്ഥാപനം നടത്തി പണി ആരംഭിച്ചു. 90 ശതമാനം പണി പൂർത്തീകരിച്ച് വീണ്ടും നിർമ്മാണം അവസാനിപ്പിച്ചു. തുടർന്ന് നിരന്തരമായ പ്രതിഷേധവും വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ ഇടപെടലും മൂലം കഴിഞ്ഞ വർഷം ഒക്ടോബറിൽ ആധുനിക സൗകര്യത്തോടെ നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് സാമഗ്രികളും ഫയലും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാത്തതാണ് കാരണമെന്നാണ് വിവരം. പ്രതിസന്ധികളിൽ ഇടപെട്ട എം.എൽ.എയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.

അത്യാധുനിക സൗകര്യം

8,540 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം ഒരുക്കിയത്. ഓഫീസ് റൂം, സബ് രജിസ്ട്രാർ റൂം, ഓഡിറ്റ് റൂം, പബ്ലിക് വെയ്റ്റിംഗ് റൂം, പാർക്കിംഗ് ഷെഡ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെ അഞ്ച് ടോയ്‌ലറ്റുകൾ, റാപ്പ് വരാന്ത, മഴവെള്ള സംഭരണി, വോളിയം ലിഫ്റ്റ് റൂം, കോമ്പാറ്റ് സിസ്റ്റം ഒരുക്കാനുള്ള സൗകര്യം, റെക്കാഡ് റൂം എന്നിവ ഉൾപ്പെടുന്നതാണ് 1.29 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം.