മുണ്ടൂർ: മത്സ്യക്കടയിലെയും ഇറച്ചിക്കടയുടെയും വേസ്റ്റ് സംബന്ധിച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കത്തി കൊണ്ട് കുത്തേറ്റ മുണ്ടൂർ പുത്തൂക്കര വീട്ടിൽ ആന്റോയുടെ മകൻ ആനന്ദിനെ (30) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുണ്ടൂർ പെനിങ്ങന്നൂർ തലക്കോട്ടുകര വീട്ടിൽ എഡിസൺ മകൻ ആന്റോയ്‌ക്കെതിരെ (30) പേരാമംഗലം പൊലീസ് കേസെടുത്തു.
മുണ്ടൂർ പുണ്യാളൻ ഫിഷ് മാർക്കറ്റ് കടയുടെ സമീപത്തായിരുന്നു സംഭവം. രാത്രി എട്ടോടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കടയിൽ നിന്ന് മത്സ്യമാംസ വെള്ളം ഒഴുകി വരുന്നതിനെ കുറിച്ചായിരുന്നു തർക്കം. തർക്കത്തിനിടയിൽ കൈയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ആനന്ദിന്റെ ഇടത് വാരിയിൽ കുത്തി പരിക്കേൽപ്പിച്ചതായി പറയുന്നു. പരിക്ക് ഗുരുതരമല്ല. ആനന്ദ് അമല ആശുപത്രിയിൽ ചികിത്സയിലാണ്.