 
തൃശൂർ: പരമ്പരാഗത ആഭരണ നിർമ്മാതാക്കളുടെ തൊഴിൽ ഇല്ലാതാക്കുന്നതാണ് ഇ- വേ ബില്ലെന്ന് ജ്വല്ലറി മാനുഫാക്‌ചേഴ്സ് അസോ. ഭാരവാഹികൾ. മൊത്തക്കച്ചവടക്കാരിൽ നിന്ന് ലഭിക്കുന്ന സ്വർണം ആഭരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പലതവണ പുറത്തുകൊണ്ടുപോകേണ്ടി വരും. ഈ സമയം ബിൽ ഇല്ലെങ്കിൽ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പിടികൂടി 200 ശതമാനം പിഴ ചുമത്താനാകും. പരമ്പരാഗതമായി കൈപ്പണി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച് ഇ-വേ സമ്പ്രദായം സാദ്ധ്യമാകില്ലെന്നും തൊഴിൽ സാദ്ധ്യത ഇല്ലാതാകുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ധനമന്ത്രി വിളിച്ച യോഗത്തിലേക്ക് ആഭരണ നിർമ്മാതക്കളെയും തൊഴിലാളികളെയും വിളിക്കാതെ ജ്വല്ലറി വ്യാപാരികളെ വിളിച്ചതിൽ അസോസിയേഷൻ പ്രതിഷേധിച്ചു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് രവി ചെറുശേരി, എ.കെ. സാബു, ജയ്‌സം മാണി, കെ.പി. ജോസ് എന്നിവർ പങ്കെടുത്തു.