അത്താണി മാർക്കറ്റ് 10.159കോടി
ഓട്ടുപാറ മാർക്കറ്റ് 10.866 കോടി
വടക്കാഞ്ചേരി: കിഫ്ബിയിലൂടെ അഞ്ച് വർഷം മുമ്പ് അംഗീകാരം ലഭിച്ച വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ,അത്താണി മാർക്കറ്റുകളുടെ നവീകരണം ഫയലിലുറങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയിലേക്ക് നഗരസഭ സമർപ്പിച്ച 19.31 കോടി രൂപയുടെ വികസ പ്രവർത്തനങ്ങൾക്കാണ് പച്ചകൊടി ലഭിച്ചിരുന്നത്. 2019 ലാണ് ഡി.പി.ആർ തയ്യാറാക്കിയത്. ഇതേ വർഷം ടെണ്ടറും നടന്നു. കോഴിക്കോട് ആസ്ഥാനമായ രാംബയോളജിക്കലാണ് വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കിയത്. അനുവദിച്ച തുകയിൽ 10.866 കോടി രൂപ ഓട്ടുപാറ മാർക്കറ്റിനുവേണ്ടിയുള്ളതായിരുന്നു. 110.86 സെന്റിൽ മൂന്ന് നിലകളിലായി ഓട്ടുപാറ മാർക്കറ്റ് കെട്ടിടം പണിയുക എന്നതായിരുന്നു ലക്ഷ്യം. അത്താണി മാർക്കറ്റിന് 10.159കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 30.89 സെന്റ് സ്ഥലത്തിലാണ് മാർക്കറ്റാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. മുടങ്ങിക്കിടക്കുന്ന മാർക്കറ്റുകളുടെ നിർമ്മാണം ഓഗസ്‌റ്റോടെ ആരംഭിക്കുമെന്ന്
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അറിയിച്ചിരുന്നു. എന്നാൽ ഫണ്ട് അനുമതി ലഭിക്കുന്നത് എങ്ങനെയെന്നതിനെ കുറിച്ച് വ്യക്തതയില്ല. വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. സർവ്വേ നടപടികൾ ആരംഭിച്ച പദ്ധതി സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതോടെയാണ്ചുവപ്പ് നാടയിലായത്.
താഴത്തെ നിലയിൽ 28 സ്റ്റാളുകളുള്ള മത്സ്യ മാർക്കറ്റ്. 13 സ്റ്റാളുകളോടു കൂടിയ മാംസ മാർക്കറ്റും ഓഫീസും. ഒന്നാം നിലയിലേക്ക് പടികളും ലിഫ്റ്റും. ഒന്നാം നിലയിലെ രണ്ടു ബ്ലോക്കിൽ ആദ്യ ബ്ലോക്കിൽ വിവിധ ഷോപ്പുകളും ഓഫീസും. പുരുഷ-വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ. രണ്ടാംനിലയിൽ അഞ്ച് ഫുഡ് കൗണ്ടറുകളും ഒരുകോമൺ കിച്ചനും. ടെറസിൽ മലിന ജല ശുദ്ധീകരണ സംവിധാനങ്ങൾ. എല്ലാ നിലകളിലും എയർകണ്ടീഷൻ സിസ്റ്റം.
ബേസ്‌മെന്റ് ഏരിയയിൽ സർവീസ് റൂം, മെക്കാനിക്കൽ-ഇലക്ട്രിക്കൽ റൂമുകൾ, മുകളിലേക്കുള്ള പടികൾ. താഴത്തെ നില വാഹന പാർക്കിംഗ്. ഒന്നാം നിലയിൽ 14 ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ ഷോപ്പുകളും 10 മത്സ്യ സ്റ്റാളുകളും സ്റ്റോറേജ് ഫെസിലിറ്റിയും. രണ്ടാം നിലയിൽ 14 വാണിജ്യ കടകൾ. 10 മാംസ സ്റ്റാളുകളും ഒരു കോൾഡ് സ്റ്റോറേജ് ഫെസിലിറ്റിയും. മൂന്നാം നിലയിൽ ഏഴു ഷോപ്പുകൾ. അഞ്ച് കൗണ്ടറുകൾ അടങ്ങിയ ഒരു ഫുഡ്‌കോർട്ടും പൊതു അടുക്കളയും. മലിനജല ശുദ്ധീകരണ പ്ലാന്റ് സംവിധാനവും തയ്യാറാക്കും. എല്ലാ നിലകളിലും എയർകണ്ടീഷൻ സിസ്റ്റവും ലിഫ്റ്റും സോളാർ യൂണിറ്റും.
ഓഗസ്‌റ്റോടെ നിർമ്മാണം ആരംഭിക്കും:
എം.ആർ.അനൂപ് കിഷോർ
നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നായ അത്താണി-ഓട്ടുപാറ ആധുനിക മാർക്കറ്റുകൾ എല്ലാ തടസങ്ങളേയും അതിജീവിച്ച് യാഥാർഥ്യമാക്കുമെന്നും നിരവധി തടസങ്ങൾ ഓരോ ഘട്ടത്തിലും ഉണ്ടായതാണ് പദ്ധതി വൈകുന്നതിന് കാരണമെന്നും നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ അനൂപ് കിഷോർ പറഞ്ഞു. ഓഗസ്റ്റ് മാസത്തോടെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അനൂപ് വ്യക്തമാക്കി.