കൊടുങ്ങല്ലൂർ: തീരദേശത്ത് മോഷ്ടാക്കൾ റോന്ത് ചുറ്റുന്നു. പകൽ സഞ്ചരിച്ച് വീടുകൾ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുകയുമാണ് രീതി. പ്രധാനമായും ബലഹീനരായ കുട്ടികളെയും പ്രായമായവരെയുമാണ് തസ്‌കരൻമാർ ലക്ഷ്യം വയ്ക്കുന്നത്. സി.സി.ടി.വി സംവിധാനം ഇല്ലാത്ത സ്ഥലങ്ങളാണ് മോഷ്ടാക്കൾ കവർച്ചയ്ക്കായി തെരഞ്ഞെടുക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. അഴിക്കോട് തിങ്കളാഴ്ച പുലർച്ചെ രണ്ട് വീടുകളിൽ കവർച്ച നടത്തുകയും ഒരു വീട്ടിൽ കവർച്ചാ ശ്രമം നടത്തുകയുമുണ്ടായി. രണ്ട് കുടുംബങ്ങളിൽ നിന്നായി മൂന്നരപ്പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. അഴീക്കോട് പുത്തൻപള്ളി കളറാട്ട് കായിപ്പറമ്പിൽ ഗിരീഷിന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് സ്വീകരണ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസുള്ള മകളുടെ കുഞ്ഞ് ആദിലക്ഷ്മിയുടെ മാലയും രണ്ടു വളകളും മോഷ്ടിച്ചു. ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ ആഭരണങ്ങൾ മോഷ്ടാവ് മുറിച്ചെടുക്കുകയായിരുന്നു. മൊബൈൽ ഫ്‌ളാഷ് ലൈറ്റ് കണ്ട് വീട്ടുകാർ ഉണർന്നെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇവിടെ നിന്നും രണ്ട് പവൻ ആഭരണങ്ങളും സമീപത്തുള്ള വൃദ്ധയായ കുഴിക്കാട്ട് ചന്ദ്രമതിയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയുമാണ് കവർന്നത്. കഴുത്തിലുണ്ടായിരുന്ന മാല വലിച്ചു പൊട്ടിക്കുന്നതിനിടെ ചന്ദ്രമതി ഉണർന്ന് ബഹളം വച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശത്തുതന്നെയുള്ള അയ്യാരിൽ മുഹമ്മദലിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തു കയറിയെങ്കിലും അവിടെ നിന്നും ഒന്നും കിട്ടിയില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം. ഈ മാസം മൂന്നിന് കോട്ടപ്പുറം ടോളിന് സമീപം താമസിക്കുന്ന തോപ്പിൽ ആനന്ദന്റെ ഭാര്യ രതിയുടെ അഞ്ച് പവൻ തുക്കമുള്ള മാലയും കവർച്ച നടത്തിയിരുന്നു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷവും ഇത്തരം മോഷണം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വ്യാപകമായി നടന്നിരുന്നു. പൊലീസിന്റെ ജാഗ്രതക്കുറവും പരിശോധന ഇല്ലായ്മയും മുതലെടുക്കുകയാണ് മോഷ്ടാക്കളെന്ന് നാട്ടുകാർ പറയുന്നു.