adachukatiya-vazi
ഇന്ത്യന്‍ കോഫി ഹൗസിനു മുന്നില്‍ പാതക്കു മദ്ധ്യേ ഡിവൈഡറില്‍ ഉണ്ടായിരുന്ന അടച്ചു കെട്ടിയ പ്രവേശന വഴി

കൊടകര: ദേശീയ പാതയിലെ നെല്ലായിക്കും കൊടകരക്കും മദ്ധ്യേ ഉളുമ്പത്തുകുന്നിലും കൊളത്തൂർ സെന്ററിലും
വഴി അടച്ചു കെട്ടി കരാർ കമ്പനി. ഉളുമ്പത്തുകുന്നിലെ ഇന്ത്യൻ കോഫി ഹൗസിനു മുന്നിൽ പാതക്കു മദ്ധ്യേ ഡിവൈഡറിലുണ്ടായിരുന്ന പ്രവേശന വഴിയും കൊളത്തൂർ ജംഗ്ഷനിലുണ്ടായിരുന്ന യൂ ടേണുമാണ് അടച്ചു കെട്ടിയത്. ദേശീയ പാതയുടെ മദ്ധ്യഭാഗത്ത് പ്രദേശവാസികൾ പാത മുറിച്ച് കടന്നിരുന്ന പ്രധാന വഴിയാണ് ഇത്. ഇതോടെ ജനങ്ങൾ റോഡ് മുറിച്ച് കടക്കാൻ കിലോ മീറ്ററുകൾ സഞ്ചരിക്കണം.ദേശീയ പാതയുടെ കിഴക്കുവശത്തുള്ളവർക്ക് പടിഞ്ഞാറു വശത്തേക്ക് പ്രവേശിക്കണമെങ്കിൽ തെക്കോട്ട് സഞ്ചരിച്ച് കൊടകര ഓട്ടുകമ്പനിക്ക് സമീപത്തുള്ള യൂടേൺ വഴി പടിഞ്ഞാറുവശത്തേക്ക് കടക്കണം. പടിഞ്ഞാറുവശത്തുള്ളവർക്ക് കിഴക്കുവശത്തേക്ക് പ്രവേശിക്കണമെങ്കിൽ രണ്ട് കി.മീറ്റർ വടക്കോട്ട് സഞ്ചരിച്ച് നെല്ലായി സെന്ററിലും എത്തണം.വഴി അടച്ചു കെട്ടിയതോടെ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സർവീസ് റോഡുകൾ ഇല്ലാത്തതും യാത്ര ഏറെ ദുഷ്‌ക്കരമാക്കുന്നു. വാടകയ്ക്ക് വിളിക്കുന്ന ഓട്ടേറിക്ഷകൾ ദൂരക്കൂടുതൽ മൂലം കൂടുതൽ പൈസ വാങ്ങുകയും ചെയ്യുന്നത് ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്. ദേശീയപാത നാലുവരിയാക്കിയത് മുതൽ ജനങ്ങൾ സഞ്ചരിച്ചിരുന്ന വഴിയാണ് അടച്ചു കെട്ടിയത്. അപകടങ്ങൾ കുറയ്ക്കാനാണ് വഴി അടച്ചു കെട്ടിയതെന്നാണ് ദേശീയ പാത അധികൃതരുടെ ന്യായീകരണം. എന്നാൽ ഇവിടെ അടിപ്പാത നിർമ്മിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.