pineapple
മോതിരക്കണ്ണിയിലെ പൈനാപ്പിള്‍ തോട്ടം

അതിരപ്പിള്ളി: എണ്ണപ്പന പട്ടകൾ തിന്നുമടുത്ത ആനകൾ രുചികരമായ മറ്റ് ഭക്ഷ്യയിനങ്ങൾ തേടിപ്പോകുന്നത് സ്വാഭാവികം. പക്ഷേ, ഇതുമൂലം ജീവിതം വഴിമുട്ടുന്നത് മലയോര കർഷകരാണ്. മോതിരക്കണ്ണിയിൽ ഈയിടെയുണ്ടായ കാട്ടാന ശല്യത്തിന്റെ യഥാർത്ഥ കാരണം പ്രദേശത്തെ പൈനാപ്പിൾ തോട്ടമാണ്.

ഇവിടെ അമ്മ മഠത്തിന് സമീപത്തെ അഞ്ചേക്കർ വരുന്ന പൈനാപ്പിൾ തോട്ടം വിളവെടുപ്പിന് കാലമായതാണ്. എന്നാൽ രണ്ടുമാസം മൂപ്പെത്തിയ കൈതച്ചക്കകൾ ആർത്തിയോടെ തിന്നാൻ ആനകൾ കൂട്ടത്തോടെയെത്തുകയാണ്. രാത്രിയിൽ ഇവിടെ തമ്പടിക്കുന്ന കാട്ടാനകളെ ഏറെ ശ്രമിച്ച് ആളുകൾ തുരത്തിയാലും മറ്റ് കൃഷിയിടത്തിലേയ്ക്കാണ് ഇവ പോകുക.

ഇതോടെ വാഴകളും തെങ്ങും കവുങ്ങുമെല്ലാം ഒടിച്ച് നശിപ്പിക്കും. വെറ്റിലപ്പാറ പ്രദേശത്ത് നിന്നുമെത്തുന്ന ആനകളാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. തെക്കൻ ജില്ലയിലെ ഒരാൾ നടത്തുന്ന പൈനാപ്പിൾ തോട്ടമാണ് ആനകളുടെ ഇപ്പോഴത്തെ വിഹാര കേന്ദ്രം. രണ്ട് വർഷം മുമ്പ് ചിക്ലായി ഭാഗത്ത് പൈനാപ്പിൾ കൃഷി നടന്നപ്പോൾ ആനകളെക്കൊണ്ട് പൊറുതി മുട്ടിയിരുന്നു. ഇതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങി. വെട്ടിക്കുഴിയിൽ നടത്തിയ കൈതച്ചക്ക കൃഷിയിടത്തിലും രണ്ട് ഡസൻ ആനകൾ തമ്പടിച്ചതും വലിയ ചർച്ചയായി. വലിയ തോട്ടമായതിനാൽ മോതിരക്കണ്ണിയിലെ ആനശല്യം എന്തൊക്കെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.