 
ചേർപ്പ് : 1960കളിൽ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച ജ്യോതി കലാസമിതി വളർന്ന് നാടിന്റെ അക്ഷരവെളിച്ചമായ ഇം.എം.എസ് വായനശാലയായി വളർന്ന ചരിത്രമാണ് വെങ്ങിണിശ്ശേരിക്കാർക്കുള്ളത്. ഇന്ന് പാറളം പഞ്ചായത്തിലെ ഒന്നാമത്തെ സംസ്‌കാരിക സ്ഥാപനമാണ് ഇ.എം.എസ് സ്മാരക വായനശാല. പത്ത് പേർ ചേർന്ന് ഒരു സെന്റ് സ്ഥലത്ത് ആരംഭിച്ച ജ്യോതി കലാസമിതി ഇ.എം.എസ് സ്മാരക വായനശാലയാക്കി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത് 1996 ലെ കമ്മിറ്റിയായിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി ചെറിയ സഹായങ്ങൾ വാങ്ങിയാണ് വായനശാലയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചത്. പാറളം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 20,000 രൂപയും നൽകി. പഞ്ചായത്തിൽ നിന്നും ലഭിച്ച തുകയിൽ 10,000 രൂപയ്ക്ക് പുസ്തകം വാങ്ങി. 1998ൽ വായനശാല ആരംഭിക്കുമ്പോൾ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ പേരും വായനശാലയ്ക്കിട്ടു. 2001 ൽ ലൈബ്രറി കൗൺസിൽ അംഗീകാരവും ലഭിച്ചു. മികച്ച പ്രവർത്തനത്തിന്റെ ഭാഗമായി 2006 ൽ വായനശാലയ്ക്ക് സി ഗ്രേഡ് അംഗീകാരം ലഭിച്ചു. 2022 മുതൽ ബി ഗ്രേഡ് ആവുകയും ചെയ്തു. 2016 ൽ തൃശൂർ താലൂക്കിലെ മികച്ച വായനശാലയ്ക്കുള്ള അവാർഡും ലഭിച്ചു.
ഓണാഘോഷവും വാർഷികാഘോഷവും നാടിന്റെ ആഘോഷമാക്കി മാറ്റി നാട്ടുകാരുടെ പങ്കാളിത്തം എന്നും ഉറപ്പുവരുത്താറുണ്ട് ഇം.എം.എസ് വായനശാല. ചെറിയ കൂട്ടായ്മയിൽ നിന്ന് നാടിന് അക്ഷര വെളിച്ചമായി വളർന്ന വായനശാലയിൽ ബാലവേദി, യുവത, വനിതാവേദി, വയോജന വേദികളും പ്രവർത്തിക്കുന്നുണ്ട്.
സ്ഥലപരിമിതി വില്ലൻ
സ്ഥല പരിമിതിയാണ് ഇപ്പോൾ ഏകപരിമിതി. ഒരു സെന്റ് സ്ഥലത്തിലുള്ള ചെറിയ മുറിക്ക് ഉൾക്കൊള്ളാൻ കഴിയത്തത്ര പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. പ്രതിമാസ പരിപാടികളും വായനശാല പ്രവർത്തനങ്ങളും ഇനിയും വിപുലീകരിക്കാൻ വിപുലമായ കെട്ടിടം അനിവാര്യമാണ്. അതിന് നാട്ടുകാരുടെ സഹായത്തിനായി കേഴുകയാണ് വായനശാല അധികൃതർ.