തൃശൂർ: ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായതെന്ന് കരുതപ്പെടുന്നതും പ്രജനനത്തിനായി മൺസൂണിൽ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്നതുമായ 'മാവേലിത്തവള' സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയാകുമെന്ന പ്രതീക്ഷയിൽ ഗവേഷകർ. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉൾപ്പെടുന്ന വന്യജീവി ഉപദേശക സമിതി യോഗം ചേർന്ന് വേണം തീരുമാനമെടുക്കാൻ.
യോഗതീയതി തീരുമാനിച്ചിട്ടില്ല. അഞ്ചുവർഷം മുൻപ് കെ.എഫ്.ആർ.ഐയിലെ മുൻ ഗവേഷകനാണ് ശുപാർശ സമർപ്പിച്ചത്. ഉഭയജീവിയായാൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട താഴ്‌വരകളിൽ കാണുന്നതിനാൽ വെള്ളച്ചാട്ടവും വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റ് ജീവികളും സംരക്ഷിത പട്ടികയിൽ വരും. മണ്ണിനടിയിലെ ജൈവ സന്തുലിതാവസ്ഥയെ നിലനിറുത്തണം. വെള്ളം മലിനപ്പെടുകയാണെങ്കിൽ തവളയ്ക്ക് അതിജീവിക്കാനാവില്ല. എല്ലാ തവളകളും പ്രാണിവർഗങ്ങളെ ഭക്ഷിക്കുമെങ്കിലും മാവേലിത്തവള മണ്ണിനടിയിലെ പ്രാണികളെയും നിയന്ത്രിക്കും. ജനങ്ങളുടെ അവബോധവും പ്രകൃതിസംരക്ഷണവും മെച്ചപ്പെടും. മണ്ണ് സ്വാഭാവികമായി ജൈവസമ്പന്നവും ഫലഭൂയിഷ്ഠവുമാകും.
മാവേലിയെപ്പോലെ...
ഭൂരിഭാഗവും മണ്ണിനടിയിൽ കഴിയുന്ന ഈ തവളകൾ മൺസൂൺ സമയത്ത് പ്രത്യുത്പാദനത്തിന് മാത്രമായാണ് രണ്ടാഴ്ചയോളം പുറത്തേക്കുവരുന്നത്. ആദിമകാലത്ത് ഉണ്ടായതിനാൽ ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫൊർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന ജീവിയാണിത്. ഷെഡ്യൂൾ വണ്ണിലും ഉൾപ്പെടുത്തിയിരുന്നു. ഉഭയജീവികളുടെ വരവ് കരയിലൂടെയായതിനാൽ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ തെളിവായും കണക്കാക്കുന്നു.
താമസം ആഴമുള്ള മാളങ്ങളിൽ
മഴയത്ത് പുറത്തേക്ക്
പതിനാലുവർഷമായി മാവേലിത്തവളകളെ നിരീക്ഷിക്കുന്നുണ്ട്. ഇതുപോലെയുള്ള ജീവിവർഗങ്ങൾക്ക് ഔദ്യോഗിക പദവി ലഭിക്കുമ്പോൾ കൂടിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടുന്നത്.- സന്ദീപ് ദാസ്. നാഷണൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ, കാലിക്കറ്റ് സർവകലാശാല