തൃശൂർ: അറിവിനെ ചങ്ങലക്കിടുന്ന ലോകവ്യവസ്ഥ അപകടകരമായി തുടരുന്നത് മറികടക്കാൻ ഗ്രന്ഥശാലകളിലൂടെ വായന ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നു കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. വായന മരിക്കില്ലെന്നും എഴുത്ത് പുതുതലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ എഴുത്തുകാർ തയ്യാറാകണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടർ അതുൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ, എം.കെ. അജിതകുമാരി, പി. തങ്കം ടീച്ചർ, സതീഷ് കുമാർ, കെ.ജി. ബാബുരാജ്, പി.കെ. ഹാരിഫാബി, എം.കെ. സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.