തൃശൂർ : പുതിയ കാർഷിക കലണ്ടറിന് തുടക്കം കുറിക്കാറാകുമ്പോഴും കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ സംഭരണവില ലഭിക്കാതെ കർഷകർ വലയുന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഒമ്പതിനായിരത്തോളം കർഷകർക്കാണ് മാസങ്ങളായി സംഭരണ വില ലഭിക്കാനുള്ളത്. 66 കോടിയോളമാണ് കുടിശിക.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ തുക ലഭിക്കാതായതോടെ പ്രതിഷേധത്തിലാണ് കർഷകർ. പണയം വച്ചും ലോണെടുത്തും കൃഷിയിറക്കിയ നൂറുകണക്കിന് കർഷകർ പെരുവഴിയിലായി. വേനൽ കടുപ്പമേറിയതോടെ പ്രതീക്ഷിച്ച വിളവും ലഭിച്ചില്ല.
നെല്ലുൽപാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൻ കുറവാണ് സംഭവിച്ചത്. വിളവ് മോശമായതോടെ പലയിടങ്ങളിലും കൊയ്യാതെ പാടത്ത് തന്നെ തീയിട്ട സംഭവമുണ്ടായി. വൈക്കോലിനും വിലയില്ലാതായി. അടുത്ത കൃഷി ഇറക്കാനുള്ള മുന്നൊരുക്കം ആരംഭിക്കേണ്ട സമയമാണ്. എന്നാൽ പണം ലഭിക്കാതെ വന്നതോടെ എങ്ങനെ കൃഷിയിറക്കുമെന്ന് അറിയാത്ത സാഹചര്യമാണ്.
ജൂലായ് മാസം ആദ്യം മുതൽ നിലങ്ങൾ ഉഴുതു മറിച്ച് ഞാറ് നടീലിനുള്ള ഒരുക്കം ആരംഭിക്കേണ്ടതാണ്. പ്രളയത്തിന് ശേഷം നെൽക്കൃഷിയിൽ പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം എട്ടും പത്തും മാസം കഴിഞ്ഞ ശേഷമാണ് നെൽവില കൊടുത്തു തീർത്തത്.
എന്ന് നൽകാൻ കഴിയും, മറുപടിയില്ല
സംഭരണ വില എന്നു നൽകാൻ കഴിയുമെന്ന് കർഷകരുടെ ചോദ്യത്തിന് മുന്നിൽ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. സർക്കാരിൽ പണമില്ലെന്നാണ് ലഭിക്കുന്ന വിശദീകരണം. ദിവസവും പണം ലഭിക്കുന്നതിന് പാഡി ഓഫീസിലേക്കും മറ്റും നിരവധി പേരാണെത്തുന്നത്. പലരും ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചാണ് ഇറങ്ങിപ്പോകുന്നത്.
കോൾക്കർഷകർ സമരത്തിലേക്ക്
കോൾ മേഖലയിൽ കൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് നെല്ലിന്റെ വില ലഭിച്ചിട്ടില്ല. ഈ വർഷം ഉത്പാദനം വളരെ കുറഞ്ഞു. കാരണം കണ്ടുപിടിക്കാനോ നഷ്ടപരിഹാരം നൽകാനോ സർക്കാർ തയ്യാറായിട്ടില്ല. 65 കോടിയിലേറെ രൂപ നെല്ലിന്റെ വിലയായി ലഭിക്കാനുണ്ട്.
സംഭരിച്ച നെല്ല്
ഒന്നാം വിള 3,549 മെട്രിക് ടൺ
രണ്ടാം വിള 80,975
ആകെ 84,524
സംഭരണ വില 239.37 കോടി
ഇനി പണം ലഭിക്കാനുള്ള കർഷകർ 9230
കൊടുത്തു തീർക്കാനുള്ള തുക 65.97 കോടി
ഈ മാസം കർഷകർക്ക് നെല്ലിന്റെ വില കൊടുത്ത് തീർത്തില്ലെങ്കിൽ കർഷകർ ശക്തമായ സമരം നടത്തും.
കെ.കെ.കൊച്ചുമുഹമ്മദ്
പ്രസിഡന്റ്
ജില്ലാ കോൾ കർഷക സംഘം