വടക്കാഞ്ചേരി: ജൈവവള നിർമ്മാണ യൂണിറ്റുമായി തെക്കുകര. ബ്ലോക്ക് പഞ്ചായത്തിന്റെ ചകിരി ചോറ് കമ്പോസ്റ്റ് യൂണിറ്റ് തെക്കുംകര പഞ്ചായത്തിലെ പുലിക്കപുറത്ത് പ്രവർത്തനമാരംഭിച്ചു. മച്ചാട് വനിതാ നഴ്‌സറിയുടെ സ്ഥലത്താണ് യൂണിറ്റ്. പാഴാക്കി കളയുന്ന ചകിരി തൊണ്ട് കർഷകരിൽ നിന്ന് ന്യായവിലക്ക് സംഭരിച്ച് കാർഷിക സർവകലാശാലയുടെ സാങ്കേതിക വള കൂട്ടുകൾ ഉപയോഗിച്ചാണ് ഗുണമേന്മയുള്ള ചകിരിച്ചോറ് കമ്പോസ്റ്റ് വളം തയ്യാറാക്കുന്നത്. കർഷകരുടെ വരുമാന വർധനവിനൊപ്പം ഒട്ടേറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയാണ് കമ്പോസ്റ്റ് യൂണിറ്റ്. കോയമ്പത്തൂരിൽ നിന്നാണ് മെഷീൻ എത്തിച്ചത്. ചകിരി തോട് പൊടിച്ചത് കിലോക്ക് 5.50 രൂപക്കും, വളം കിലോക്ക് 10രൂപക്കും നൽകുന്നതിനാണ് പദ്ധതി. മണിക്കൂറിൽ 300 കിലോ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മെഷീനിൽ പ്രതിദിനം 3 ടൺവളം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ ആറ് വനിതാ തൊഴിലാളികളാണ് വള നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് .10 ലക്ഷം രൂപയാണ് പ്രാഥമിക ചിലവ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അധ്യക്ഷയായി. വൈ. പ്രസിഡന്റ് സി.വി.സുനിൽകുമാർ, എം.കെ.ശ്രീജ, പുഷ്പരാധാകൃഷ്ണൻ ,ഇ.ഉമാലക്ഷ്മി, പി.ആർ രാധാകൃഷ്ണൻ ,പി.ജി. സുജിത്, കെ.എ അൻസാർ അഹമ്മദ്, അർച്ചന വിശ്വനാഥ് എന്നിവർ സംസാരിച്ചു.


വൈവിദ്ധ്യമാർന്ന പദ്ധതികൾ


കാർഷിക മേഖലക്ക് ആധുനിക കരുത്തിന്റെ നാടായി മാറുകയാണ് വടക്കാഞ്ചേരി. നടീൽ തൊട്ട് വിളവെടുപ്പ് വരെ ഏറ്റെടുത്ത് കർഷകർക്ക് കരുത്തായ ഗ്രീൻ ആർമി, തെങ്ങ് കയറ്റപരിശീലനപദ്ധതിയും വടക്കാഞ്ചേരിയിൽ ശ്രദ്ധനേടി. മുള്ളൂർക്കരയിലെ ആറ്റൂരിൽ നിർമ്മിക്കുന്ന ശീതീകരിച്ച പഴം പച്ചക്കറി സംഭരണശാല കാർഷിക മേഖലയിൽ പുതുചരിത്രം സൃഷ്ടിച്ചിരുന്നു.ഏറ്റവുമൊടുവിലാണ് ജൈവവള നിർമ്മാണ യൂണിറ്റും.