തൃശൂർ: സംസ്ഥാനത്ത് ഇടുക്കി മുതൽ പാലക്കാട് വരെ ഭൂചലനം ഉണ്ടാകാമെങ്കിലും അപകടസാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ. ഇടുക്കി, ഇടമലയാർ, പീച്ചി എന്നിവിടങ്ങളിൽ കൂടുതൽ ഡാമുകളുള്ളതാണ് ഭൂചലന സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.
ഭൂമിയിലെ ചെറിയ വിള്ളലുകളിലൂടെ ജലമൊഴുകി മർദ്ദം വർദ്ധിക്കുന്നതും ഡാം തുറക്കുമ്പോഴുണ്ടാകുന്ന ഭൂഘടനാ വ്യത്യാസങ്ങളുമാണ് ഭൂചലന സാദ്ധ്യത കൂട്ടുന്നത്. മർദ്ദം വർദ്ധിക്കുമ്പോൾ ഫലകചലനമുണ്ടാകാം. കാൽനൂറ്റാണ്ട് കൂടുമ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമുണ്ടാകുന്നുണ്ടെങ്കിലും തീവ്രത കുറവാണ്. 1994ൽ തൃശൂർ ദേശമംഗലത്ത് 4.2 തീവ്രതയുള്ള ഭൂചലനവും നൂറോളം തുടർചലനങ്ങളുമുണ്ടായി. സംസ്ഥാനത്ത് 5.5 വരെ തീവ്രതയുള്ള ചലനങ്ങളുണ്ടാകാം. ഇടുക്കി, പാലക്കാട്, പെരിയാർ മേഖല, തൃശൂർ എന്നിവിടങ്ങളിൽ മുമ്പ് ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ട്. പ്രളയത്തെത്തുടർന്ന് ഭൂഗർഭജലത്തിന്റെ അളവ് അടുത്തകാലത്ത് വർദ്ധിച്ചു. പൊതുവെ മഴ കഴിഞ്ഞുള്ള സമയത്താണ് ഭൂചലനമുണ്ടാകുക.
ഭൂമിയിൽ കിലോമീറ്ററുകൾ ആഴത്തിലാകാം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അപ്പോഴുണ്ടാകുന്ന ഊർജം ശബ്ദതരംഗങ്ങളായി പുറത്തുവരുമ്പോഴാണ് ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുന്നത്. ഇടുക്കി, പാലക്കാട് പ്രദേശത്ത് ചെറിയ വിള്ളലുകൾ മാത്രമുള്ളതിനാൽ ശക്തമായ ഭൂചലനത്തിന് സാദ്ധ്യതയില്ല.
കിലോമീറ്ററുകൾ ആഴത്തിൽ
കുന്നകുളം, ചാവക്കാട് മേഖലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 7മുതൽ 10 കിലോമീറ്റർ ആഴത്തിൽ. വെൺമനാട് എം.എ.എസ്.എം സ്‌കൂളിന് തെക്ക് പടിഞ്ഞാറ് 500 മീറ്റർ മാറി, പുഴക്കരയോട് ചേർന്നാണ് 3 തീവ്രതയിൽ ചലനമുണ്ടായത്. ദേശമംഗലം മുതൽ ഇടുക്കി വരെയുള്ള ഭ്രംശമേഖലയിൽ നേരത്തെയും ചലനങ്ങളുണ്ടായിട്ടുണ്ട്.
മുൻകരുതൽ
താഴത്തെ നിലയിലോ ഒറ്റനിലയുള്ള വീട്ടിലോ ആണെങ്കിൽ തുറസായ സ്ഥലത്തേക്ക് ഇറങ്ങിനിൽക്കണം. കെട്ടിടത്തിനകത്താണെങ്കിൽ ബീമും പില്ലറും ചേരുന്ന ഉറപ്പുള്ള ഭാഗത്തേക്കോ, മുറിയുടെ മൂലയിലേക്കോ മാറണം. ഭൂകമ്പസമയത്ത് ലിഫ്റ്റ് ഉപയോഗിക്കരുത്. ശേഷം പരിശോധിച്ചേ ഉപയോഗിക്കാവൂ.
അണക്കെട്ടുകളിലെ ജലസമ്മർദ്ദവും ഖനനവും നേരിയ ചലനങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല.
- കുശല രാജേന്ദ്രൻ, റിട്ട. പ്രൊഫസർ, സെന്റർ ഫോർ എർത്ത് സയൻ