തൃശൂർ: തൃശൂർ, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സീനിയർ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കുന്നതിൽ ഡി.സി.സി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് തോൽവി അന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുമ്പാകെ മൊഴി. സ്വന്തം ഗ്രൂപ്പിന്റെ കരുത്ത് കൂട്ടുന്നതിലായിരുന്നു ചില നേതാക്കളുടെ ശ്രദ്ധ. മണ്ഡലം, ബ്‌ളോക്ക് ഭാരവാഹികളുടെ പുന:സംഘടനയിൽ തങ്ങൾക്ക് താത്പര്യമുള്ളവരെ തിരുകിക്കയറ്റി. തീരദേശത്തെ തിരഞ്ഞെടുപ്പിൽ അനാവശ്യമായി സാമുദായിക പരിഗണന നൽകിയെന്നും ആക്ഷേപമുണ്ട്. പ്രാദേശിക നേതാക്കളറിയാതെ യൂത്ത് കോൺഗ്രസിൽ സംസ്ഥാന ഭാരവാഹികൾ വരെയുണ്ടായി. വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴഞ്ഞുള്ള ഇത്തരം നീക്കം ഒരു വിഭാഗത്തിന്റെ അതൃപ്തിക്ക് ഇടയാക്കി.
മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാത്തതിനാൽ പലരും വിട്ടുനിൽക്കുകയോ പേരിന് മാത്രം പ്രവർത്തിക്കുകയോ ചെയ്തു. ടി.എൻ.പ്രതാപൻ മത്സരിക്കുന്നില്ലെന്ന് വന്നതോടെ പ്രമുഖരായ ചില നേതാക്കൾ പ്രചാരണത്തിൽ നിന്ന് പിന്മാറി. ചോദിച്ചപ്പോൾ മുടന്തൻ ന്യായം പറഞ്ഞു. മത്സരിക്കാൻ താത്പര്യമില്ലെന്ന് ടി.എൻ.പ്രതാപൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും സമ്മർദ്ദം കൊണ്ടാണ് രംഗത്തിറങ്ങിയത്. എൽ.ഡി.എഫിൽ നിന്ന് വി.എസ്.സുനിൽകുമാറും എൻ.ഡി.എയിൽ നിന്ന് സുരേഷ് ഗോപിയും വന്നതോടെ ത്രികോണമത്സരമായി. അപ്പോൾ കെ.മുരളീധരന്റെ വരവ് പ്രതാപന് ആശ്വാസമായത്രേ. പ്രചാരണരംഗത്ത് തുടക്കത്തിൽ മാത്രമേ പ്രതാപൻ സജീവമായുള്ളൂവെന്നും ആക്ഷേപമുണ്ട്.
പെരുകി ഭാരവാഹികൾ
ഡി.സി.സി. ഭാരവാഹികൾ വേണ്ടത്ര മാത്രമുണ്ടായിരുന്നിടത്ത് നിലവിൽ നൂറിലധികം പേരുണ്ട്. പ്രവർത്തനം പേരിന് മാത്രമായിരുന്നു. ജില്ലയിലാണ് ഇത്രയധികം ഭാരവാഹികളെന്നും നേതാക്കൾ പറയുന്നു. സംസ്ഥാന നേതൃത്വത്തിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് ഗ്രൂപ്പ് മാറുന്നവരുമുണ്ട്. പാർട്ടിയോട് പ്രവർത്തകരിലുണ്ടായ മതിപ്പില്ലായ്മയും മടുപ്പും പരാജയകാരണമായെന്നും ചിലർ കമ്മിറ്റിക്ക് മൊഴി നൽകി.