കൊടുങ്ങല്ലൂർ: ദേശീയപാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം സർവീസ് റോഡ് പല ഭാഗത്തും തടസപ്പെട്ടുകിടക്കുകയാണെന്നും തടസങ്ങൾ നീക്കണമെന്നും എസ്.എൻ.ഡി.പി ശൃംഗപുരം വെസ്റ്റ് ശാഖായോഗം ആവശ്യപ്പെട്ടു. നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡ് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിർമ്മാണ സാമഗ്രികളും തൊഴിലാളികൾക്കായി നിർമ്മിച്ച ഷെഡുകളും റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണും മറ്റും പല ഭാഗങ്ങളിലായി ശേഖരിച്ച് വച്ചിരിക്കുന്നതും യാത്രാക്ലേശം വർദ്ധിപ്പിക്കുന്നു. യാത്രക്കാർക്ക് സുഗമമായ വഴിയൊരുക്കാൻ ദേശീയപാത അധികൃതരും എം.പിയും എം.എൽ.എയും കൊടുങ്ങല്ലൂർ നഗരസഭയും ജനപ്രതിനിധികളും ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും ശാഖാ യോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് രാജീവൻ ചെമ്മുണ്ട പറമ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി രാജു ഈശ്വരമംഗലത്ത്, കമ്മിറ്റിയംഗങ്ങളായ ഒ.പി. മോഹനൻ, കെ.പി. സദാനന്ദൻ, സുമു, ആത്മജൻ, ജയൻ എന്നിവർ പ്രസംഗിച്ചു.