കൊടുങ്ങല്ലൂർ: കുഞ്ഞുകുട്ടൻ തമ്പുരാൻ സ്‌ക്വയർ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് നഗരസഭാ കൗൺസിൽ യോഗം കളക്ടറോടും റവന്യൂ അധികാരികളോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്‌ക്വയർ പരിപാലനവും നടത്തിപ്പും നഗരസഭയെ ഏൽപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രനാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർ സി.എസ്. സുവിന്ദ് പിന്താങ്ങി.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് മൈതാനം എന്നറിയപ്പെടുന്ന ഈ കേന്ദ്രം നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങളാലും രാഷ്ട്രീയ സാമൂഹിക പരിപാടികളാലും സായാഹ്നങ്ങളിൽ സമ്പന്നമായിരുന്നു. എന്നാൽ നവീകരണം നടത്തിയ ശേഷം ചുറ്റു മതിലിന്റെ ഉയരം വർദ്ധിപ്പിക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനം നൽകാതെ അടച്ചിട്ടിരിക്കുകയുമാണ്. ഈ മൈതാനത്ത് പരിപാടികൾ നടത്തുന്നതിന് ദിവസം 3000 രൂപയോളം റവന്യൂ വകുപ്പ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്റ്റേജും മൈതാനവും പരിപാലിക്കുന്നതിനും ശുചിമുറികൾ വൃത്തിയാക്കുന്നതിനും മാലിന്യം സംസ്‌കരിക്കുന്നതിനും റവന്യൂ വകുപ്പിന് കഴിയുന്നില്ല. വൈദ്യുതി ചാർജ് അടയ്ക്കുന്നതിനു പോലും കഴിയാത്തതിനാൽ വലിയ സംഖ്യ കുടിശ്ശികയാകുന്നുണ്ട്. വാടകയ്ക്ക് എടുക്കുന്നവർ തന്നെ ഇവിടം വൃത്തിയാക്കേണ്ടി വരുന്നു. മൈതാനവും സ്റ്റേജും വൃത്തിയാക്കുന്നതിനും പരിപാലിക്കുന്നതിനും നഗരസഭ തയ്യാറാണെന്നും ഈ ഗ്രൗണ്ടിന്റെ നടത്തിപ്പും പരിപാലനവും മാത്രം നഗരസഭയെ ഏൽപ്പിക്കുകയാണെങ്കിൽ കുറ്റമറ്റ രീതിയിൽ അത് ചെയ്യുന്നതിന് നഗരസഭ തയ്യാറാണെന്നും പ്രമേയത്തിൽ പറയുന്നു. ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി.