കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ ലിഫ്‌റ്റ് അടിക്കടി തകരാറാവുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണി. താലൂക്ക് ഓഫീസ് ഉൾപ്പെടെ മൂന്ന് നിലകളിലായി 28 ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇരുന്നൂറോളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.
എന്നാൽ ലിഫ്‌റ്റ് കൈകാര്യം ചെയ്യാൻ ആളില്ലാത്തതിനാൽ കെട്ടിടത്തിന്റെ ലിഫ്‌റ്റ് സംവിധാനം പലപ്പോഴും കേടാകും. ഇതുമൂലം നിരവധി പേര് പലപ്പോഴായി ലിഫ്‌റ്റിൽ കുടുങ്ങുന്നു. ഒടുവിൽ പുല്ലൂറ്റുള്ള ഫയർ സ്റ്റേഷനിൽ നിന്നും ജീവനക്കാരും മറ്റുമെത്തിയാണ് കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നത്.
ലിഫ്‌റ്റ് കേടാവുന്നതിനാൽ ഇവിടെയെത്തുന്ന പ്രായമായവർ ഉൾപ്പെടെ പടികൾ കയറിറങ്ങി വലയും. ലിഫ്‌റ്റിൽ കുടുങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ലിഫ്‌റ്റ് മാറ്റി ആധുനിക രീതിയിലുള്ള പുതിയ ലിഫ്‌റ്റ് സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്തെത്തി. കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരുടെയും ഒപ്പ് ശേഖരിച്ച് നിവേദനം നൽകി.
തഹസിൽദാർ ഇൻ ചാർജ്ജ് വഹിക്കുന്ന സുമ ഡി.നായർക്ക് എൻ.ജി.ഒ യൂണിയൻ നേതാക്കൾ നിവേദനം സമർപ്പിച്ചു.
എൻ.ജി.ഒ യൂണിയൻ യൂണിറ്റ് സെക്രട്ടറി ജിനീഷ്.എ.കെ, പ്രസിഡന്റ് സിനിത.പി.എസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. മറ്റ് ഭാരവാഹികളായ സി.ആനന്ദ്, റസിയ.കെ.കെ, മുഹമ്മദ് റാഫി.പി.എ, പ്രേംദാസ് പി.എസ്, സുരാജ് ആർ.എസ് തുടങ്ങി നിരവധി പേർ സന്നിഹിതരായി.