തൃപ്രയാർ : സമസ്ത കേരള സാഹിത്യ പരിഷത്ത് ഏകദിന സാഹിത്യസദസ് നാളെ നടക്കും. നാട്ടിക ശ്രീനാരായണ ഹാളിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന സാഹിത്യ സദസ് സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രൻ വടക്കേടത്ത് അദ്ധ്യക്ഷനാകും. മാനസി മുഖ്യപ്രഭാഷണം നടത്തും. ഡോ. നെടുമുടി ഹരികുമാർ ആമുഖ പ്രസംഗം നടത്തും.
11 മുതൽ' ഭാഷാവ്യവഹാരങ്ങളും സാഹിത്യ നിർമ്മിതിയും' എന്ന വിഷയത്തിൽ സെമിനാർ ആരംഭിക്കും. ആദ്യസെമിനാറിൽ കെ.എ. സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 1 മണിക്ക് രണ്ടാമത് സെമിനാറിൽ ശ്രീമൂലനഗരം മോഹൻ അദ്ധ്യക്ഷനാകും. ഉച്ചതിരിഞ്ഞ് 3.30ന് 'കവിതമഴ' ആരംഭിക്കും. കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമാദരൻ അദ്ധ്യക്ഷനാകും. വൈകിട്ട് 4.30ന് നടത്തുന്ന മൂന്നാമത് സെമിനാറിൽ ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. 5.30ന് 'സാഹിത്യവും സമൂഹവും' എന്ന വിഷയത്തെക്കുറിച്ച് സിപ്പി പള്ളിപ്പുറം നടത്തുന്ന പ്രഭാഷണത്തോടെ സാഹിത്യസദസ് സമാപിക്കും. അക്ഷരം പ്രതി വായനാക്കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പരിപാടി.