കൊടുങ്ങല്ലൂർ : കാർഷിക കർമ്മസേനയ്ക്ക് പുതിയ തൊഴിൽ ഉപകരണങ്ങളുമായി എറിയാട് പഞ്ചായത്ത്. നിലം ഉഴുകുന്നതും പുല്ല് വെട്ടുന്നതും കിളയ്ക്കുന്നതുമായ യന്ത്ര ഉപകരണങ്ങളാണ് പഞ്ചായത്ത് വാങ്ങി കാർഷിക കർമ്മസേനയ്ക്ക് കൈമാറിയത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തി പതിനയ്യായിരം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് തൊഴിൽ ഉപകരണങ്ങൾ വാങ്ങിയത്. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് കാർഷിക കർമ്മ സേന. കുറഞ്ഞ നിരക്കിൽ പഞ്ചായത്ത് പ്രദേശത്തെ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ കർമസേനയ്ക്ക് സഹായകമാകുന്നതാണ് പുതു ഉപകരണങ്ങൾ. എറിയാട് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസീം അദ്ധ്യക്ഷനായി. ഫൗസിയ ഷാജഹാൻ, നജ്മൽ ഷക്കീർ, തമ്പി ഇ. കണ്ണൻ, അമൽ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.