 
മാള: മാള പോസ്റ്റ് ഓഫീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജംഗ്ഷൻ വികസിപ്പിക്കാനും മാള-അന്നമനട പൊതുമരാമത്ത് റോഡിലെ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കാനുമുള്ള നടപടികൾ ഹൈക്കോടതി സ്‌റ്റേയിൽ കുരുങ്ങിയത് ഏഴ് പ്രാവശ്യം. നോട്ടീസ് കിട്ടിയ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥയാണ് തുടർച്ചയായുള്ള സ്‌റ്റേയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
പൊതുമരാമത്ത് വകുപ്പ് വസ്തുതാ വിവരണ പത്രിക കൊടുക്കുന്നതിലും കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കുന്നതിലും വരുത്തിയ വീഴ്ച്ച മൂലമാണ് 7 പ്രാവശ്യവും ഹൈക്കോടതിയിൽ നിന്നും കക്ഷികൾക്ക് അനുകൂലമായി സ്റ്റേ ഉത്തരവ് കിട്ടാൻ കാരണമെന്നാണ് വിവരം. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ജില്ലാ സർവേയറുടെ ഓഫീസിൽ നിന്നും നിയോഗിച്ച സർവേയർ കണ്ടെത്തിയ കൈയേറ്റം തിരിച്ചുപിടിക്കുന്നതിന് പൊതുമരാമത്ത് ലാൻഡ് കൺസർവേഷൻ ആക്ട്പ്രകാരം നൽകിയ നോട്ടീസിലുള്ള മേൽനടപടികളാണ് 18 മാസമായി ഹൈക്കോടതിയുടെ സ്റ്റേയിൽ കുരുങ്ങിക്കിടക്കുന്നത്.
പൊതുമരാമത്ത് വകുപ്പ് 40,000 രൂപയോളം ചെലവാക്കി നടത്തിയ സർവേയിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയ 33 പേർക്കും നോട്ടീസ് നൽകി. ഏഴ് വ്യക്തികൾ 2023 ഏപ്രിൽ 10ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് 2023 ഏപ്രിൽ 12ന് ആദ്യ സ്റ്റേ സമ്പാദിച്ചു. പിന്നീട് പല തിയതികളിലായി ഏഴ് പ്രാവശ്യം സ്റ്റേ നേടി. നിലവിൽ 2024 ജൂലായ് നാല് വരെ നടപടി സ്റ്റേ ചെയ്തിട്ടുണ്ട്. ഇത്തരം കേസിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.
2022 - 23 ബഡ്ജറ്റിൽ പത്ത് കോടി രൂപ പോസ്റ്റ് ഓഫീസ് റോഡ് വികസനത്തിനായി ചെലവഴിക്കുമെന്ന് പറയുന്നുണ്ട്. നിലവിലെ സർക്കാരിന് ഇനി രണ്ടുവർഷമേ കാലാവധിയുള്ളൂ. ഈ സർക്കാരിന്റെ കാലാവധിക്കകം പോസ്റ്റ് ഓഫീസ് റോഡ് വികസനം സാദ്ധ്യമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.