വടക്കാഞ്ചേരി : മച്ചാട് വനമേഖലയിൽ ആരംഭിച്ച തെരുവുനായ് പുനരധിവാസ കേന്ദ്രത്തിനെതിരെ ജനകീയ പ്രതിഷേധം. വടക്കാഞ്ചേരി നഗരസഭയിലെ അകമല ഡിവിഷനിൽ ഉൾപ്പെട്ട പട്ടാണിക്കാട് വനത്തിനുള്ളിലാണ് ഇരുനൂറോളം നായകളെ സംരക്ഷിക്കുന്ന കേന്ദ്രം ആരംഭിച്ചത്. വനത്തിനുള്ളിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് പുനരധിവാസകേന്ദ്രമെന്ന് പറയുന്നു. ജനവാസ മേഖലയല്ലെന്നും അവർ അവകാശപ്പെടുന്നു.
നഗരസഭയ്ക്ക് അനുമതിക്കായി അപേക്ഷ നേരത്തെ ലഭിച്ചിരുന്നെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതിനിടെ ഇന്നലെ 200 ഓളം തെരുവ് നായ്ക്കളെ കേന്ദ്രത്തിലെത്തിച്ചു. ഇത് ജനകീയ പ്രതിഷേധത്തിനും വഴിവെച്ചു. മേനകാ ഗാന്ധി എം.പിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്രം ആരംഭിച്ചതെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്.
വഴിവെട്ടാൻ ജെ.സി.ബി : പിടിച്ചെടുത്ത് വനം വകുപ്പ്
പട്ടാണിക്കാട്ടിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് തെരുവ് നായ്ക്കളെ എത്തിക്കാൻ വനത്തിലൂടെ വഴി വെട്ടാനെത്തിച്ച ജെ.സി.ബിയും, ടിപ്പർ ലോറിയും വനം വകുപ്പ് പിടിച്ചെടുത്തു. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിനാണ് നടപടി. നായ വളർത്തൽ കേന്ദ്രം വനം വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഭൂമി വനത്തിലാണോ എന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്. ഇന്ന് അവകാശ സംബന്ധമായ രേഖകളുമായെത്താൻ ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തെരുവുനായ് പുനരധിവാസകേന്ദ്രം ആരംഭിക്കാൻ നഗരസഭ ഒരു വിധ അനുമതിയും നൽകിയിട്ടില്ല. കേന്ദ്രം ആരംഭിച്ചതായി പറഞ്ഞ് കേൾക്കുന്ന അറിവ് മാത്രമാണുള്ളത്. പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും
പി.എൻ.സുരേന്ദ്രൻ
ചെയർമാൻ.