തൃശൂർ: വഴിനീളെ വൻകുഴികളായ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞു. കഴിഞ്ഞയാഴ്ച മഴയൊഴിഞ്ഞിട്ടും പണിയൊന്നും നടന്നില്ല. കുഴിയിൽ വീണും ഗതാഗതക്കുരുക്കിൽപ്പെട്ടും യാത്രക്കാരുടെ നടുവൊടിഞ്ഞതു മാത്രം ബാക്കി. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനായാണ് പണി ഉടൻ തുടങ്ങുമെന്ന് മന്ത്രി മറുപടി നൽകിയത്.
ഒരാഴ്ചയ്ക്കിടെ വീണ്ടും കുഴികൾ രൂപം കൊണ്ടു. മഴയിൽ വെള്ളം കെട്ടിനിന്ന് കഴിയുമ്പോഴേക്കും അതിനെല്ലാം ആഴവും കൂടി. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുനർനിർമാണത്തിന് കെ.എസ്.ടി.പി.ക്ക് കൈമാറിയിരിക്കുകയാണ്. റോഡ് പണിതിരുന്ന കരാറുകാർ പണി നിറുത്തിപ്പോകുകയും ചെയ്തു. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള അഞ്ച് കിലോമീറ്ററിൽ ദുരിതയാത്രയാണ്. ചില സമയങ്ങളിൽ കേച്ചേരി മുതൽ ചൂണ്ടൽ പാലം വരെയും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. ഈ റോഡിൽ വർഷങ്ങളായി താത്കാലികമായി കുഴികളടയ്ക്കൽ മാത്രമാണ് നടക്കുന്നത്.
കുഴിക്കു മീതേ പറന്ന് ബസുകൾ
കുഴിയാണെങ്കിലും അതിനുമീതേ ചീറിപ്പായുകയാണ് സ്വകാര്യബസുകൾ. കോഴിക്കോട്, കുറ്റിപ്പുറം ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണെങ്കിൽ കുന്നംകുളം, ഗുരുവായൂർ ബസുകളെയും കടത്തിവെട്ടും.രണ്ടുവരി മാത്രമുള്ള മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുളള പാതയിൽ കുത്തിക്കയറ്റി ബസുകൾ മുന്നിലെത്തുമ്പോൾ ഇരുചക്രവാഹനകാർ യാത്രക്കാർ ശ്വാസമടക്കി നിൽക്കേണ്ടി വരും. സമയത്തിന് ഓടിയെത്താകുന്നില്ലെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വലിയ സംഖ്യയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നുമാണ് ബസ് ഉടമകളുടെ പരാതി.
പതിറ്റാണ്ടുകൾ കടന്ന പ്രതിസന്ധികൾ
സംസ്ഥാനപാതയാണെങ്കിലും 15 വർഷത്തിലേറെയായി റീടാറിംഗ് നടന്നിട്ടില്ല.
കേച്ചേരി ജംഗ്ഷൻ വികസനം നടക്കുമെന്ന വാഗ്ദാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
ഒൻപതു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കേച്ചേരി ബസ് സ്റ്റാൻഡും നോക്കുകുത്തി
പണം കിട്ടിയാലും നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനായില്ല
ദൈർഘ്യം: 33.23 കി.മീ
അനുവദിച്ച തുക: 316.82 കോടി രൂപ
പ്രവൃത്തി ആരംഭിച്ചത്: 2021 സെ്ര്രപംബർ 9ന്
പ്രീ മൺസൂൺ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയത്: 29 ലക്ഷം
പദ്ധതി റീടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കാലതാമസം നേരിടുമെന്നതിനാൽ ഈ കാലയളവിൽ റോഡ് ഗതാഗതാ യോഗ്യമാക്കി നിലനിറുത്തണമെന്ന് കർശന നിർദ്ദേശം നൽകി. പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇടപെടൽ ഉണ്ടാകും. റോഡിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കും.
- മന്ത്രി പി.എ. മുഹമ്മദ് റിയാസ് (നിയമസഭയിൽ)