തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ വരാനിരിക്കുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ആരാകും സ്ഥാനാർത്ഥി എന്നതിനെക്കുറിച്ച് മുന്നണികളിൽ അനൗദ്യോഗിക ചർച്ചകൾ സജീവം.
തൃശൂരിലെയും ആലത്തൂരിലെയും തിരഞ്ഞെടുപ്പ് തോൽവിയും തൃശൂർ ഡി.സി.സിയിലുണ്ടായ കൈയാങ്കളിയും മറ്റും കോൺഗ്രസിന് ക്ഷീണമായിരുന്നു. തൃശൂരിലെ കെ. മുരളീധരന്റെ താേൽവിയെ പറ്റി കെ.പി.സി.സി സമിതി അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ഇതിനിടെ സ്ഥാനാർത്ഥി നിർണയചർച്ചകൾ തുടങ്ങാനാകാത്ത സ്ഥിതിയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രമ്യ ഹരിദാസിനെ തന്നെ യു.ഡി.എഫ് പരിഗണിച്ചേക്കും. ആലത്തൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുമ്പ് മത്സരിച്ച എൻ.കെ. സുധീറിന്റെ പേരും ഉയരുന്നുണ്ട്.
അതേസമയം രമ്യയെ മത്സരിപ്പിക്കാതിരിക്കാൻ പാർട്ടിയിൽത്തന്നെ ചിലർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. രമ്യക്കെതിരെ ചേലക്കരയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ഇവരാണെന്നാണ് അഭ്യൂഹം. സീനിയർ നേതാക്കൾ ഉൾപ്പെടെ ചിലർക്ക് രമ്യയോടുള്ള വിയോജിപ്പും പ്രശ്‌നമാണെങ്കിലും ഹൈക്കമാൻഡ് രമ്യയെത്തന്നെ പരിഗണിക്കുമെന്നും പറഞ്ഞുകേൾക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ നേരിയ ലീഡുണ്ട്. പുതിയ സ്ഥാനാർത്ഥിയെ ഇറക്കി പ്രചാരണം നടത്തുന്നതിനേക്കാൾ രമ്യ തന്നെയാണ് ഉചിതമെന്നാണ് പ്രവർത്തകരിൽ ചിലരുടെ അഭിപ്രായം.
പ്രദീപിന് നറുക്ക് വീഴും?
മുൻ എം.എൽ.എ: യു.ആർ. പ്രദീപാകും എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇപ്പോൾ പട്ടികജാതി - വർഗ കോർപറേഷൻ ചെയർമാനാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 1996 മുതൽ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്തൊഴികെ, കെ. രാധാകൃഷ്ണനായിരുന്നു എം.എൽ.എ. 2021ൽ സിറ്റിംഗ് എം.എൽ.എ പ്രദീപിനെ മാറ്റി വീണ്ടും കെ. രാധാകൃഷ്ണനെ മത്സരിപ്പിച്ചു. പ്രദീപിന്റെ ജനസമ്മതി തുണയാകുമെന്നാണ് സി.പി.എം കരുതുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഇത്തവണ ആലത്തൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. ടി.എൻ. സരസുവിനെത്തന്നെ പരിഗണിച്ചേക്കാം.