തൃശൂർ: ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ തെക്ക്പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ മഴ വീണ്ടും കനക്കുന്നു. ഒരാഴ്ചയായി മഴ ഒഴിഞ്ഞ ശേഷമാണ് അതിതീവ്രമഴയ്ക്ക് വഴിയൊരുങ്ങുന്നത്. തിരുവാതിര ഞാറ്റുവേലയിലേക്ക് കടന്നതോടെ മഴ തിരിമുറിയാതെ പെയ്യുമെന്നാണ് കരുതുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ, തൃശൂർ അടക്കമുള്ള ജില്ലകളിൽ മഴ ശക്തമാകുമെന്ന് ഉറപ്പായി. ഏഴിന് ആരംഭിച്ച മകീര്യം ഞാറ്റുവേലയിൽ മഴ നന്നേ കുറവായിരുന്നു. സാധാരണ നല്ല മഴ ലഭിക്കാറുള്ള സമയമാണിത്. തിരുവാതിര ഞാറ്റുവേലയുടെ പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്ന മഴവെള്ളത്തെ 'അമൃതമഴ' എന്നാണ് അഷ്ടാംഗഹൃദയം വിശേഷിപ്പിക്കുന്നത്. പ്രസിദ്ധ ആയുർവേദ ഔഷധങ്ങളായ 'അണുതൈലം' തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇത് ഉപയോഗിക്കുന്നതായി പറയുന്നു. തുറസായ സ്ഥലത്ത് കാൽനാട്ടി കോടിമുണ്ട് അരിപ്പ പോലെ ഉപയോഗിച്ച്, ഈ പതിനഞ്ചു ദിവസങ്ങളിലെയും മഴവെള്ളം ഒരുമിച്ച് ശ്രദ്ധയോടെ ശേഖരിക്കും. ശുദ്ധമായ അന്തരീക്ഷത്തിൽ പിറവിയെടുക്കുന്ന ഈ ജലം ദീർഘകാലം കേടുകൂടാതെ ഇരിക്കുമെന്നും വിശ്വാസമുണ്ട്.
കാർഷികസമൃദ്ധിക്ക് വഴിയൊരുക്കും
കാലവർഷത്തിലെ 'പെയ്തുവെള്ളം' ആണ് വൃക്ഷലതാദികൾക്ക് ഊർജ്ജം പകർന്നുനൽകുന്നതെന്നാണ് കർഷകരുടെ പക്ഷം. തെങ്ങുകളുടെ കടഭാഗം, തുറന്ന് വൃത്തിയാക്കി മഴവെള്ളം കെട്ടിനിറുത്തുന്നതും അതുകൊണ്ടാണ്. ഓരോ സമയത്തെയും ചെടികളുടെ വളർച്ച, ജലസേചനം, കീടബാധ, വളപ്രയോഗം തുടങ്ങിയവ കണക്കിലെടുത്താണ് ഞാറ്റുവേല രൂപപ്പെടുത്തിയതെന്നും പറയുന്നു.