തൃശൂർ: അമല മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, നഴ്‌സിംഗ് സ്‌കൂൾ, പാരാമെഡിക്കൽ ആയുർവേദ പഠനവിഭാഗം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ വാരാഘോഷം നാളെ ഉച്ചയ്ക്ക് രണ്ടിന് സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്യും. അമലയിലെ അദ്ധ്യാപകരെഴുതിയ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും വിവിധ കോളേജുകളിലെ നല്ല ലൈബ്രറി വായനക്കാരെ ആദരിക്കലും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമായി നടത്തിയ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷനാകും. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം ഡോ. എ.ടി. ഫ്രാൻസിസ് നടത്തും. ഓങ്കോളജിസ്റ്റ് ഡോ. സുനു ലാസർ സിറിയക് വായനയും ആരോഗ്യവും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, ഡോ. എ.ടി. ഫ്രാൻസിസ്, ബോർജിയോ ലൂയീസ്, ജോസഫ് വർഗീസ്, ഗ്ലാഡിസ് ജോർജ് എന്നിവർ പങ്കെടുത്തു.