തകർന്ന് തരിപ്പണമായ ചിറയ്ക്കൽ-കൊറ്റംങ്കോട് ഇറിഗേഷൻ റോഡ്.
പഴുവിൽ : പാതാളക്കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായ ചിറയ്ക്കൽ-കൊറ്റംങ്കോട് ഇറിഗേഷൻ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ ജനകീയ പ്രക്ഷോഭത്തിലേക്ക്. റോഡ് തകർന്ന് മരണത്തിലേക്ക് നയിക്കുന്ന നിരവധി കുഴികൾ രൂപപ്പെട്ടിരിക്കയാണ്. ഇതോടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കയാണ്. മാസങ്ങൾക്ക് മുമ്പ് റോഡിനായി 70 ലക്ഷം രൂപ വകയിരുത്തിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ നാട്ടുകാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇറിഗേഷൻ ചുമതല വഹിക്കുന്ന മന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടി തദൈവ.
അടിയന്തരമായി റോഡിന്റെ പുനർനിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് ഒരുങ്ങുകയാണ് നാട്ടുകാർ. ഈ ആവശ്യവുമായി പൗരസമിതി കളക്ട്ടറെ കാണും. നിർമ്മാണപ്രവർത്തനം ഉടൻ ആരംഭിക്കാത്തപക്ഷം ജനകീയ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. പൗരസമിതി ചെയർമാനും ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായ പി.എസ്. നജീബ്, പഞ്ചായത്ത് അംഗം ഗിരിജൻ പൈനാട്ട്, പൗരസമിതി കൺവീനർ ഷാജി കളരിക്കൽ, റിട്ട. കേണൽ ഐസക്, സി.എ. ശങ്കരൻ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
പ്രക്ഷോഭം കടുപ്പിക്കാൻ പൗരസമിതി