1

തൃശൂർ: മാധവമാതൃഗ്രാമം കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹനുമദ്ദൂതാങ്കം സമ്പൂർണ കൂടിയാട്ടം അവതരണവും ഗുരു അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണവും തൃശൂർ പഴയനടക്കാവ് തെക്കെമഠം മിനി ഹാളിൽ ഇന്ന് (21ന്) ഹനുമാന്റെ രംഗപ്രവേശത്തോടെ തുടങ്ങും. എല്ലാദിവസവും വൈകിട്ട് ആറിനാണ് അവതരണം. നാളെ വൈകിട്ട് ഗുരു അമ്മന്നൂർ അനുസ്മരണയോഗം ഐ.ജി.എൻ.സി.എ തൃശൂർ കേന്ദ്രം ഡയറക്ടർ ഡോ. മാനസി രഘുനന്ദൻ ഉദ്ഘാടനം ചെയ്യും. സർവമംഗളാ ട്രസ്റ്റി രാജീവ് മോനോൻ വിശിഷ്ടാതിഥിയാകും. പെരിങ്ങര രാമൻ നമ്പൂതിരി അമ്മന്നൂർ അനുസ്മരിക്കും. തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ ഹനുമാന്റെ നിർവഹണം അവതരിപ്പിക്കും. 23ന് അഴകിയരാവണന്റെ പുറപ്പാടിന് ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ രാവണനായും ഡോ. ഭദ്ര പി.കെ.എം. സീതയായും രംഗത്തെത്തും. 24ന് കലാമണ്ഡലം രവികുമാറും സംഘവും നേതൃത്വം നൽകുന്ന മീഴാവുവാദനത്തോടെ ഹനൂമാനും സീതയും കണ്ടുമുട്ടുന്നതും ശ്രീരാമസന്ദേശം കൈമാറുന്നതും അശോകവനികോദ്യാനം നശിപ്പിയ്ക്കുന്നതും അഭിനയിച്ച് സമാപിക്കും.