വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിൽ 18.23 കോടി രൂപയുടെ വികസന മുന്നേറ്റങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്. തുടങ്ങിവച്ച പ്രവർത്തനങ്ങലൂടെ പ്രതിസന്ധികൾ പരിഹരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചെങ്കിലും പരിഹാരമായത് ആശുപത്രിയിലേക്ക് ഫോൺ വിളിച്ചാൽ ജീവനക്കാർ ഫോൺ എടുക്കുന്നില്ലെന്ന പരാതി മാത്രം. എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിയമസഭയിൽ ചോദ്യങ്ങളും സബ് മിഷനും ഉന്നയിച്ചപ്പോൾ അതിവേഗം എന്നു മാത്രമാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി.
കാഷ്വാലിറ്റി ഓപ്പറേഷൻ തിയറ്റർ ബ്ലോക്കിന് അനുവദിച്ചത് 8.35 കോടി രൂപയാണ്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിന്റെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാംഘട്ടം നിർമ്മാണം അതിവേഗം പുരോഗമിക്കുന്നതിനിടിയിൽതന്നെ സ്തംഭിച്ചു. രണ്ട് നിലകൾ സ്ട്രക്ചർ വർക്ക് പൂർത്തിയായിട്ടുണ്ടെന്നും ഐ.സി.യു സംവിധാനവും ഫയർ ആൻഡ് സ്റ്റേഫിയും ഒരുക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
മറ്റൊരു നിർമ്മാണം ഐസൊലേഷൻ വാർഡിന്റേതാണ്. 21-22 വർഷത്തെ എം.എൽ.എ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി 1.78 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കൊവിഡ് പകർച്ചവ്യാധികളുടെ ഘട്ടത്തിൽ പ്രത്യേക ചികിത്സക്കായുള്ള പത്തു കിടക്കകളും അനുബന്ധ ആരോഗ്യ സൗകര്യങ്ങളും അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നിർമ്മിക്കുന്ന ഈ ഐസൊലേഷൻ വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച ആദ്യ പത്തിൽ ഒന്നായിരുന്നു വടക്കാഞ്ചേരിയിലേത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവർത്തനം ബാക്കിയാണ്.
സംസ്ഥാന സർക്കാരിന്റെ 21-22 വർഷം അനുവദിച്ച 1.2 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിലും അറ്റകുറ്റപണികൾ ബാക്കിയാണ്. വടക്കാഞ്ചേരി ജില്ലാആശുപത്രിക്കാവശ്യമുള്ള മെഡിക്കൽ ഓക്‌സിജൻ ഇവിടെ തന്നെ നിർമ്മിക്കുന്നതിനും രോഗികൾക്ക് ലഭ്യമാക്കുന്നതിനും സാധിക്കുന്നതാണ് പദ്ധതി. 50 കിടക്കകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. അപാകതകൾ പരിഹരിക്കാൻ കെ.എം.സി. എല്ലിനോട് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് അധികൃതർ. ഓക്‌സിജൻ പ്ലാന്റ് വന്നതോടുകൂടി വർധിച്ച വൈദ്യുതി ആവശ്യകത മുന്നിൽ കണ്ട് 89.20 ലക്ഷം രൂപ ചിലവഴിച്ച് ഹൈടെൻഷൻ കണക്ഷൻ, 400 കെ.വി ട്രാൻസ്‌ഫോർമർ, പുതിയ കേബിളുകൾ, 250 കിലോവാട്ട് ജനറേറ്റർ എന്നിവ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടു കൂടിയാണ് പ്രവർത്തനങ്ങൾ നടത്തിയത്.
ഡയാലിസിസ് യൂണിറ്റാണ് മറ്റൊരു ശ്രദ്ധേയ പദ്ധതി. ഒരു ഷിഫ്റ്റിൽ 8 രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഈ മാസം മുതൽ രണ്ട് ഷിഫ്റ്റാക്കി ഉയർത്തിയിട്ടുണ്ട്. ഇതോടെ 14 രോഗികൾക്ക് സേവനം ലഭിക്കും.
കൂടാതെ ശിശുക്കളിലെ വിവിധ തരം വളർച്ചാ വൈകല്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്ന ജില്ലാതല പ്രാരംഭ ഇടപെടൽ കേന്ദ്രം (ഡിസ്ട്രിക്റ്റ് എർലി ഇന്റർവെൻഷൻ സെന്റർ ഡി.ഇ.ഐ.സി)പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി : സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിലും മെറ്റേണിറ്റി ഓപ്പറേഷൻ തിയറ്ററുകളിലും പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് (ലക്ഷ്യ) പദ്ധതിയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയും ഉൾപെട്ടെ ങ്കിലും സ്വപ്ന പദ്ധതി ഇപ്പോഴും എവിടെയുമെത്താതെ പാതി വഴിയിലാണ്. പ്രസവത്തിനിടയിലെ മരണനിരക്ക് കുറക്കുക, പ്രസവ പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ യാണ് ലക്ഷ്യ ആരംഭിച്ചത്. 2 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചത്. കോസ്റ്റ് ഫോർഡിനാണ് നിർമ്മാണ ചുമതല. ലക്ഷ്യ എന്ന് തുറക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല.
മുന്നേറാതെ വികസനം