1

തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രം കിഴക്കെ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം. കിഴക്കെ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ചെലവ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശ്രമഫലമായി ടി.വി.എസ് ഗ്രൂപ്പിന്റെ വേണുഗോപാലസ്വാമി കൈകാര്യം ട്രസ്റ്റാണ് വഹിക്കുന്നത്. ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേരാജ് ചൂണ്ടലാത്ത് എന്നിവരടങ്ങിയ കൊച്ചിൻ ദേവസ്വം ബോർഡ് നിരന്തരം ടി.വി.എസ് ഗ്രൂപ്പുമായി നടത്തിയ ചർച്ചകളിലൂടെയാണ് കിഴക്കെ ഗോപുരത്തിന്റെ നവീകരണം പൂർത്തീകരിച്ച് സമർപ്പിക്കാൻ തയ്യാറായത്. ഇന്ന് രാവിലെ ആറിന് ക്ഷേത്രത്തിൽ പ്രത്യേക പൂജയ്ക്കുശേഷം പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ അനുജ്ഞച്ചടങ്ങ് നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ. ബിജുകുമാർ, ദേവസ്വം മാനേജർ കെ.ടി. സരിത, ടി.വി.എസ്. വൈസ് പ്രസിഡന്റ് യു. ശെൽവം, പി. പങ്കജാക്ഷൻ, ഹരിഹരൻ തുടങ്ങിയവർ പങ്കെടുക്കും. ഇതിനിടെ തെക്കെ ഗോപുര നട ചോർച്ച പരിഹരിക്കുന്നതിനുള്ള നടപടികളായിട്ടില്ല.

സിമന്റ് തൊടാതെ നിർമ്മാണം

പുനരുദ്ധാരണത്തിന് കേന്ദ്ര ആർക്കിയോളജി വിഭാഗത്തിന്റെ അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഇപ്പോഴത്തെ മാതൃകയിൽ തന്നെ ഗോപുരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തും. സിമന്റ് ഉപയോഗിച്ച നിർമ്മാണം ഉണ്ടാകില്ല. കേടു സംഭവിക്കാത്ത മരങ്ങൾ അതേപടി നിലനിറുത്തി കേടുപാട് സംഭവിച്ച മരങ്ങൾ മാറ്റി പുതിയത് ഉപയോഗിക്കും. കിഴക്കെ ഗോപുരത്തിന്റെ നിർമ്മാണം തേക്കുമരം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.