വടക്കാഞ്ചേരി: നഗരസഭയിലെ പട്ടാണിക്കാട് വനമേഖലയിൽ 200 ഓളം തെരുവ്‌നായകളെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ച് പാർപ്പിച്ചിട്ടുള്ളത് വനം-നഗരസഭാ അധികൃതരുടെ അനുമതിയില്ലാതെയെന്ന് അധികൃതർ. പശ്ചിമഘട്ട സംരക്ഷിതവനമേഖലയിലാണ് നായ്ക്കളെ പാർപ്പിച്ചിട്ടുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. സ്വകാര്യവ്യക്തിയുടെ നീക്കത്തിൽ ദുരൂഹത ആരോപിച്ച് ജനങ്ങൾ രംഗത്തെത്തി. ധാരാളം മയിലുകളും മാനുകളും സജീവമായ പ്രദേശമാണ് പട്ടാണിക്കാട് വനമേഖല. തെരുവ് നായ്ക്കളുടെ വിഹാരം ഇവയുടെ സ്വതന്ത്രമായ ആവാസമേഖല തകർക്കുമെന്ന് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. വിദേശ ഫണ്ട് തട്ടിയെടുക്കാനുള്ള പ്രവർത്തനമാണ് ഇതിന് പിന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

നായ വളർത്തുകാരനെ
വിളിച്ച് വരുത്തി ചെയർമാൻ

വടക്കാഞ്ചേരി : നഗരസഭയുടെ അനുമതിയില്ലാതെ നഗരസഭാ അതിർത്തിയിൽ 200 ഓളം തെ
രുവ് നായ്ക്കളെ പാർപ്പിച്ച സംഭവം വൻവിവാദമായതോടെ നായ വളർത്തുകാരനെ നഗരസഭയിലേക്ക് വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ട് ചെയർമാൻ പി.എൻ. സുരേന്ദ്രൻ. നായകളെ അടിയന്തരമായി നീക്കം ചെയ്ത് റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ നടന്ന കൗൺസിൽ യോഗത്തിൽ പട്ടാണിക്കാട് ഉൾപ്പെടുന്ന അകമല ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് ഈ വിഷയം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു അടിയന്തര നടപടി. തങ്ങൾ ചെയ്യുന്നത് സേ
വനമാണെന്നും തെരുവുകളിൽ പരുക്കേറ്റും അവശതയിലും കഴിയുന്ന മിണ്ടാ പ്രാണികളെ പുനരധിവസിപ്പിക്കുകയാണെന്ന നായ വളർത്തുകാരന്റെ നിലപാട് നഗരസഭ തള്ളി.