പുതുക്കാട്: വീണ്ടും അറ്റകുറ്റുപ്പണികൾക്കായ് പുതുക്കാട് റെയിൽവേ ഗേറ്റ് അടച്ചു. 26ന് വൈകിട്ട് 6 മണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്. രണ്ടു മാസത്തിനിടെ പല ദിവസങ്ങളിൽ ഗേറ്റ് തകരാറിലാകുന്നതും പതിവാണ്. ഇതിനിടയിൽ വാഹനങ്ങളിടിച്ചും നിരവധി തവണ മണിക്കൂറുകളോളം അറ്റകുറ്റപ്പണികൾക്കായി ഗേറ്റ് അടച്ചിട്ടു. ഗേറ്റ് അടക്കുന്നതിനിടെ അമിവേഗത്തിൽ വരുന്ന വാഹനങ്ങൾ റെയിൽപ്പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഗേറ്റ് തകരാറിലായാൽ തകരാർ പരിഹരിച്ച് തുറന്നു കൊടുക്കാൻ മണിക്കൂറുകൾ വേണം. മെയിൻഗേറ്റ് അടച്ചിടുന്നതോടെ പ്രദേശത്തെ ആംബുലൻസ് അടക്കമുള്ള അവശ്യസർവീസുകളെയും ബാധിക്കും. കൂടാതെ പുതുക്കാട്, പാഴായി, ഇരിങ്ങാലക്കുട, ഊരകം റൂട്ടിൽ ഗതാഗതം പ്രതിസന്ധിയിലാകും. ദേശീയ പാതയിൽ നിന്നും ഇരിങ്ങാലക്കുട,തൃപ്രയാർ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ് ഇത്. പാലിയേക്കര ടോൾ ഒഴിവാക്കി പോകുന്ന ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത്. അടിക്കടി മെയിൻഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പരിഹാരം മേൽപ്പാലം
പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് റെയിൽവേ മേൽപ്പാലം. ആറ് വർഷം മുമ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് മേൽപ്പാലം നിർമ്മിക്കാൻ സംസ്ഥാന ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. അപ്രോച്ച് റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂ ഉടമകൾ കോടതിയെ സമീപിച്ചതോടെ നടപടികൾ തടസപ്പെട്ടു. തടസം നീങ്ങി വൻ തുക നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുകയും പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും
രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ഇതിനിടെയാണ് കൊച്ചി-ഷെർണൂർ മൂന്നാം പാത നിർമ്മിക്കുമെന്ന പ്രഖ്യാപനം. തുടർന്ന് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും രൂപ രേഖയിഷ റെയിൽവേ മാറ്റം ആവശ്യപ്പെട്ടു. തുടർന്ന് നിർദ്ദേശിച്ച മാറ്റം വരുത്തി സമർപ്പിച്ചു. തടസങ്ങൾ മാറ്റി അനുമതി വാങ്ങുന്ന കാര്യത്തിൽ മുൻ എം.പി. ഒരുപരിശ്രമവും നടത്തിയില്ലെന്ന ആരോപണവും ഉയർന്നിരുന്നു.
എയർപോർട്ടിലേക്ക് യാത്രക്കാരുമായി പോയപ്പോൾ പുതുക്കാട് ഗേറ്റിൽ കുടുങ്ങി ഫ്‌ലൈറ്റ് മുടങ്ങുന്ന അനുഭവമുണ്ടായിട്ടുണ്ട്. ഏളുപ്പത്തിൽ ഹൈവേയിൽ പ്രവേശിക്കാൻ വേണ്ടിയാണ് പുതുക്കാട് വഴി തിരഞ്ഞെടുക്കുന്നത്.
കെ.വി.ലിജു
ടാക്‌സിഡ്രൈവർ പൂച്ചുന്നിപ്പാടം
റെയിൽവേ സ്‌റ്റേഷൻ വികസനത്തിന് പുതുക്കാട് ഗേറ്റ്് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോം നീളംകൂട്ടൽ, ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മാണം എന്നിവയക്ക് വിലങ്ങുതടിയായി നിൽക്കുന്നത് മെയിൽ ഗേറ്റാണ്.
വി.വിജിൻ വേണു
ട്രഷറർ ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ പുതുക്കാട്
ഓഫീസ് സമയത്തും സ്കൂൾ സമയത്തും ദീർഘദൂര ട്രെയിനുകൾ പുതുക്കാട് പിടിച്ചിടുന്നതോടെ ഗേറ്റ് അടഞ്ഞുകിടക്കുന്നത് പതിവാണ്. ഗേറ്റ് മണിക്കുറുകളോളം അടച്ചിടുന്നതിനാൽ ട്രിപ്പ് മുടങ്ങുന്നതും പതിവായിരിക്കുകയാണ്. എല്ലാത്തിനുമുള്ള പരിഹാരം റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുകയാണ്.
വി.വി. അനിൽ
ബസ് ഓണേഴ്‌സസ് അസോസിയേഷൻ
ഇരിങ്ങാലക്കുട മേഖലാ സെക്രട്ടറി.