
തൃശൂർ : മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപ്പൂവ്വം വാരിക്കുളത്ത് കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞദിവസം രാത്രി ജനവാസ മേഖലയിലാണ് കാട്ടാനയിറങ്ങിയത്. വാഴകൾ, തെങ്ങിൻതൈകൾ, മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം നശിപ്പിച്ചു. കൊരണ്ടിപുള്ളിയിൽ ഷാജിയുടെ പറമ്പിലെ മൂന്നൂറോളം കുലച്ച നേന്ത്രവാഴകൾ നശിപ്പിച്ചു.
വീടുകളുടെ മുറ്റത്ത് വരെ ആനകളെത്തിയതായി പറയുന്നു. ഇന്നലെ രാവിലെ വനപാലകർ സ്ഥലത്തെത്തി. കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുതിരാൻ പാത തുറന്നതോടെ നിരവധി ആനകളാണ് മച്ചാട് വനമേഖലയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. വാഴാനി ഡാം പരിസരം ഉൾപ്പെടെ തെക്കുംകര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.