rice

തൃശൂർ : പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചവരുടെ നഷ്ടപരിഹാരത്തിനുള്ള ഏഴായിരത്തിലേറെ അപേക്ഷകൾ കെട്ടിക്കിടക്കുന്നു. 2021 ജൂണിന് ശേഷം അപേക്ഷ നൽകിയവർക്ക് ആർക്കും തുക ലഭ്യമായിട്ടില്ല. കൃഷിവകുപ്പ് നിർദ്ദേശിച്ച രേഖകൾ എല്ലാം സമർപ്പിച്ചെങ്കിലും തുക ലഭിക്കുന്നില്ല. 7,967 അപേക്ഷകളിലായി 4.66 കോടിയാണ് നഷ്ടപരിഹാരമായി നൽകാനുള്ളത്. ഇതിൽ പത്ത് ലക്ഷത്തോളം കേന്ദ്രസഹായമാണ്. സംസ്ഥാന സർക്കാർ നൽകാനുള്ളത് 2021 ജൂൺ മുതലാണെങ്കിൽ കേന്ദ്രസർക്കാർ കഴിഞ്ഞ മാർച്ച് വരെയുള്ള സഹായം കൊടുത്തിട്ടുണ്ട്.

രണ്ട് വർഷത്തിനുള്ളിൽ കോടികളുടെ കൃഷിനാശമാണുണ്ടായത്. കഴിഞ്ഞ വർഷങ്ങളിൽ മൺസൂൺ, തുലാവർഷം എന്നീ സമയത്തുണ്ടായ നാശത്തിന് പുറമേ ഇത്തവണ രൂക്ഷമായ വരൾച്ചയും കൂടിയായതോടെ നഷ്ടക്കണക്കേറി. അതേസമയം നഷ്ടപരിഹാരം ലഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായതോടെ പലരും അപേക്ഷ നൽകാൻ പോലും തയ്യാറാകുന്നില്ല. കൃഷിഭവനുകൾ വഴി കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഉടനെ സൂക്ഷ്മ പരിശോധന നടത്തി നഷ്ടപരിഹാരം നൽകണമെന്ന ശുപാർശയോടെ അപേക്ഷകൾ അയക്കുന്നുണ്ടെങ്കിലും സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കൃഷി ഓഫീസർമാർ പറയുന്നു.

വിള ഇൻഷ്വറൻസും കുടിശിക

കൃഷിനാശം സംഭവിച്ചവർക്ക് കൃഷി വകുപ്പ് മുഖേന ഏർപ്പെടുത്തിയ വിള ഇൻഷ്വറൻസിലും ഒരു കോടിയോളം രൂപയുടെ കുടിശിക. 2022 മേയ് മാസം വരെയുള്ളവർക്ക് മാത്രമാണ് തുക ലഭ്യമായിട്ടുള്ളത്. ഇനിയും 644 പേർക്കായി 98.51 ലക്ഷം രൂപ കൊടുത്തുതീർക്കാനുണ്ട്. നെല്ല്, വാഴ, ജാതി, കവുങ്ങ് എന്നിവ നശിച്ചതിലാണ് കൂടുതലും നഷ്ടപരിഹാരം നൽകാനുള്ളത്.

പ്രകൃതി ക്ഷോഭം

നഷ്ടപരിഹാരം ലഭിക്കാനുള്ളത് 7967
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടി നൽകാനുള്ളത് 4.66 കോടി
കേന്ദ്ര സർക്കാർ കുടിശിക 10 ലക്ഷം

(2024 ഏപ്രിൽ മുതൽ)
സംസ്ഥാന സർക്കാരിന്റെ കുടിശിക

(2021 ജൂലായ് മുതൽ)

വിള ഇൻഷ്വറൻസ് കുടിശിക 98.51 ലക്ഷം
അപേക്ഷകർ 644 പേർ.