വടക്കാഞ്ചേരി : നഗരസഭയിലെ പട്ടാണിക്കാട് വനാതിർത്തിയോട് ചേർന്ന് ആരംഭിച്ച തെരുവ് നായ് സംരക്ഷണകേന്ദ്രം പൂർണമായും നിയമാനുസൃതമാണെന്ന് നടത്തിപ്പ് ചുമതലയുള്ള വാക്കിങ്ങ് ഐ ഫൗണ്ടേഷൻ അനിമൽ ഫോർ അഡ്വക്കെസി(വഫ) ഭാരവാഹികൾ അറിയിച്ചു. 2022 ൽ രജിസ്റ്റർചെയ്ത സ്ഥാപനം ചാരിറ്റി പ്രവർത്തനമാണ് നടത്തുന്നത്. വന്യജീവി സംരക്ഷണേത്തേടൊപ്പം തെരുവ് നായ് പരിപാലനവും ഏറ്റെടുക്കുന്നുണ്ട്. അരികൊമ്പൻ അട ക്കമുള്ള ആനകൾക്ക് വേണ്ടി ശബ്ദമുയർത്താൻ വ്യവഹാര നടപടികൾക്ക് നേതൃത്വം നൽകിയതും വഫയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വടക്കാഞ്ചേരിയിൽ ഒരു നിയമ ലംഘന പ്രവർത്തനവും നടത്തിയിട്ടില്ല. ഇരിങ്ങാലക്കുട കാട്ടൂരിൽ പ്രവർത്തിച്ചിരുന്ന തെരുവ് നായ് സംരക്ഷണ കേന്ദ്രം വടക്കാഞ്ചേരിയിലേക്ക് മാറ്റിയത് പൂർണമായും നിയമാനുസൃതമാണ്. കാട്ടൂരിൽ ജനവാസ മേഖലയിലായിരുന്നു കേന്ദ്രം. നായകളുടെ എണ്ണം കൂടിയപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി. പഞ്ചായത്ത്
ലൈസൻസ് റദ്ദാക്കിയപ്പോൾ പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നു. വടക്കാഞ്ചേരിയിൽ നഗരസഭ അധികൃതരുമായി ചർച്ച നടത്തിയാണ് ഇങ്ങോട്ട് മാറ്റിയത്. 13 ലക്ഷം രൂപ ചിലവഴിച്ചാണ് ഇവിടെ സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ടുള്ളതെന്നും അതു കൊണ്ടുതന്നെ ഇനി ഒരു മാറ്റം പ്രായോഗികമല്ലെന്നും ഭാരവാഹികൾ അറിയിച്ചു.
നഗരസഭയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും
വടക്കാഞ്ചേരിയിലെ നായ പുനരധിവാസ കേന്ദ്രം പ്രവർത്തനമാരംഭിച്ചത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി.രാജേഷിന്റെ അനുമതിയോടെയാണെന്ന് വഫ മാനേജിങ്ങ് ഡയറക്ടർ വിവേക്.കെ.വിശ്വനാഥൻ അറിയിച്ചു. 2024 ഫെബ്രുവരി 15ന് വിശദമായ പദ്ധതിയുമായി തൃത്താലയിൽ മന്ത്രിയുമായി കൂടി കാഴ്ച നടത്തി. വടക്കാഞ്ചേരിയിൽ പദ്ധതി ആരംഭിക്കാമെന്ന് മന്ത്രി നിർദ്ദേശിച്ചു. നഗരസഭാ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവരെ മന്ത്രി നേരിട്ട് വിളിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് പ്രകാരം മാരാത്ത്കുന്ന്, മുണ്ടത്തിക്കോട് മേഖലകളിലെ സ്ഥലങ്ങൾ കണ്ടെത്തി. മുണ്ടത്തിക്കോടാണ് ആദ്യ പരിഗണന നൽകിയത്. ഇത് പ്രകാരം ചെയർമാനും സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുമതി ലഭിച്ചു. മുണ്ടത്തിക്കോട് ചില ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് മാരാത്ത് കുന്നിലേക്ക് മാറ്റിയത്. ഈ വിവരവും നഗരസഭയെ അറിയിച്ചിരുന്നതാണ്. വനമേഖലയാണെന്നതിനാൽ മെയ് 16 ന് ഡി.എഫ്.ഒ ക്കും കത്ത് നൽകി. ഡി. എഫ്. ഒ വടക്കാഞ്ചേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച നഗരസഭ ചെയർമാൻ വിളിച്ച് നായകളെ നീക്കം ചെയ്യണെമെന്ന് ആവശ്യപ്പെട്ടത്. 130 ഓളം നായ്ക്കളാണ് കേന്ദ്രത്തിലുള്ളത്. ഇവയെ എവിടേയ്ക്ക് മാറ്റുമെന്ന് പറയാനുള്ള ബാധ്യത നഗരസഭക്കുണ്ട്. വിളിച്ച് വരുത്തി അപമാനിക്കുകയാണ് നഗരസഭ ചെയ്തത്. ഇത് വിശ്വാസ വഞ്ചനയും,തികഞ്ഞ രാഷ്ട്രീയ താൽപ്പര്യവുമാണെന്നുംഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും വിവേക് പറഞ്ഞു.