photo
news



വടക്കാഞ്ചേരി: കനത്ത മഴയിലും ചോർന്നൊലിക്കുന്ന ഫ്‌ളക്‌സ് മറച്ച കൂരയിൽ ജീവിതം തള്ളി നീക്കി ശശീന്ദ്ര. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയോരത്ത് അകമല ധർമ്മ ശാസ്താക്ഷേത്ര പരിസരത്താണ് നാൽപ്പത്തികാരിയായ പാഞ്ഞാൾ സ്വദേശിനി അന്തിയുറങ്ങുന്നത്. ശശീന്ദ്രയ്ക്ക് സുരക്ഷയൊരുക്കുന്നത് ഏതാനും തെരുവ് നായ്ക്കളും. ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷം ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ശശീന്ദ്ര പറയുന്നു. ഉപജീവനത്തിനായി തട്ടുകട നടത്താനാണ് അകമലയിലെത്തിയത്. എന്നാൽ തട്ടുകട വിജയിച്ചില്ല. തുടർന്ന് തട്ടുകട തന്നെ വാസ സ്ഥലമാക്കുകയായിരുന്നു. ഇഴജന്തുക്കളുടെ ശല്യം മൂലം പല രാത്രികളും ഉറങ്ങാൻ കഴിയാതെ ദുരിതത്തിലാണെന്ന് ശശീന്ദ്ര പറഞ്ഞു. അകമല ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യവും അന്നവുമാണ് വിശപ്പടക്കാനുള്ള ആശ്രയം. പാതയോരത്തെ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നാലു തെരുവ് നായ്ക്കളെയും ഇവർ സംരക്ഷിക്കുന്നുണ്ട്. തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരു ഭാഗം നായ്ക്കൾക്ക് കൊടുക്കും. തല ചായ്ക്കാൻ സ്വന്തമായി അടച്ചുറപ്പുള്ള ചെറിയ വീട് വേണമെന്ന ആഗ്രഹവുമായി ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുകയാണ് ശശീന്ദ്ര.