കൊടുങ്ങല്ലൂർ : താണിക്കാട് പുലയ ശ്മശാനം സംരക്ഷിക്കണമെന്ന് കെ.പി.എം.എസ് താണിക്കാട് ശാഖാ യോഗം ആവശ്യപ്പെട്ടു. പൊയ്യ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ സ്ഥിതി ചെയ്യുന്ന ശ്മശാനത്തിന്റെ ചുറ്റുമതിൽ ഏത് സമയത്തും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. ഇന്നും നിരവധി ശവസംസ്‌കാരങ്ങൾ നടന്നു വരുന്ന ശ്മശാനഭൂമിയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗ്രാമസഭകളിൽ വിഷയം അവതരിപ്പിച്ചിട്ടും പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനങ്ങൾ നൽകിയിട്ടും ഫണ്ടില്ലായെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ഇക്കാര്യത്തിൽ ന്യായമായ തീരുമാനങ്ങൾ കൈകൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ കെ.പി.എം.എസ് തയ്യാറാവുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ശാഖാ പ്രസിഡന്റ് ബാബു മംഗലപറമ്പിൽ അദ്ധ്യക്ഷനായി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷിനെ ശാഖാ പ്രസിഡന്റ് ബാബു മംഗലപറമ്പിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പി.എൻ. സുരൻ, ശശി കൊരട്ടി, ഷാജു വാര്യത്ത്, സി.എ. സത്യൻ, കെ.ബി. ഉത്തമൻ, പി.കെ. ശ്രീജിത്ത്, എം.സി. രാജേഷ്, രമ്യ താളാട്ടുകൂട്ടം തുടങ്ങിയവർ സംസാരിച്ചു.