കൊടുങ്ങല്ലൂർ : വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ കോളനികൾ എന്ന നാമധേയം എടുത്തുമാറ്റിയതോടെ കയ്പമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലുള്ള പട്ടികജാതി കോളനികൾക്ക് ഇനി പുതിയ പേരുകൾ നിലവിൽ വരും. സംസ്ഥാന പട്ടികജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമവകുപ്പിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെമ്പാടും പട്ടികജാതി കോളനികളുടെ പേരുകൾ മാറ്റുന്നത്. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, എടത്തിരുത്തി, കയ്പമംഗലം എന്നിങ്ങളെ ഏഴ് പഞ്ചായത്തുകളാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലുള്ളത്. സർക്കാർ രേഖകൾ പ്രകാരം 24 പട്ടികജാതി കോളനികളാണ് ഇവിടുള്ളത്. മതിലകം പഞ്ചായത്തിലെ പൊന്നാമ്പടി കോളനിയുടെ പേരാണ് ആദ്യം മാറുക.
കോളനികളിലെ അംഗങ്ങളുടെ വിപുലമായ യോഗം വിളിച്ച് ചേർത്ത് അവരിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും പേരുമാറ്റം.
മണ്ഡലത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ പട്ടികജാതി കോളനി നവീകരണ പ്രവർത്തനങ്ങൾ 90% ത്തിലേറെ പൂർത്തീകരിച്ചതായി ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, സീനത്ത് ബഷീർ, ശോഭന രവി, ചന്ദ്രബാബു, മതിലകം ജോയിന്റ് ബി.ഡി.ഒ: കെ.കെ. സനൽകുമാർ, എ.സി.സി ഓഫീസർ എം.എസ്. ജിഷ്ണു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.