കൊടുങ്ങല്ലൂർ: നാരായണമംഗലത്ത് 250 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നതിന് 38 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ടി.എൽ. സത്യൻ, സെക്രട്ടറി എം.എ. ജോഷി എന്നിവർ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് മെഷിൻ നൽകുന്നതും ഈ റോട്ടറി വർഷം തന്നെ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്ലബ് നടത്തി വരുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അവർ പറഞ്ഞു. റോട്ടറി ക്ലബ് ഒഫ് കൊടുങ്ങല്ലൂരിന്റെ 2024-25 വർഷത്തെ പ്രസിഡന്റായി ടി.എൽ സത്യനും സെക്രട്ടറിയായി എം.എ ജോഷിയും സ്ഥാനമേറ്റു. സമ്മേളനത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. ശൃംഗപുരം റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ ടി. രാജൻ അദ്ധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് മുഖ്യാതിഥിയായിയിരുന്നു. പുതുതായി ചേർന്ന അംഗങ്ങൾക്ക് അസിസ്റ്റന്റ് ഗവർണർ ആർ. മോഹൻകുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.സി. ബോസ്, മേജർ ജനറൽ പി. വിവേകാനന്ദൻ, കെ.എസ്. പ്രവീൺലാൽ എന്നിൽ സംസാരിച്ചു.