
വടക്കാഞ്ചേരി : ആറ് മാസമായി അടച്ചുപൂട്ടിയ അകമലയിലെ വെറ്റററിനറി ക്ലിനിക്കിലേക്ക് ഡോക്ടറെ നിയമിച്ചു. മുൻ ഡോക്ടറുടെ ഡെപ്യൂട്ടേഷൻ കാലാവധി ഡിസംബറിൽ പൂർത്തിയായ ശേഷം പകരം ആളില്ലാത്തതിനാൽ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു. ശമ്പളം ലഭിക്കാതെ വന്നതോടെ കരാർ ജീവനക്കാരും പിന്മാറി.
ക്ലിനിക്കിന്റെ വാഹനം വടക്കാഞ്ചേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. തൃശൂർ, പാലക്കാട് ജില്ലകളിലെ വനമേഖലയിൽ നിന്നുള്ള രോഗബാധിതരായ വന്യജീവികളെ ഇവിടെ കൊണ്ടുവന്നായിരുന്നു ചികിത്സിച്ചിരുന്നത്. കൊവിഡ് കാലത്താണ് അകമലയിലെ വനം സ്റ്റേഷൻ കെട്ടിടം ഏഴ് ലക്ഷം രൂപ ചെലവിൽ നവീകരിച്ച് ക്ലിനിക്ക് തുടങ്ങിയത്. ഡോക്ടർക്ക് പുറമേ, രണ്ട് ജീവനക്കാരുമായി തുടങ്ങിയ ക്ലിനിക്കിൽ സർജറിക്ക് ശേഷമുള്ള പരിചരണത്തിന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഐ.പി സൗകര്യവുമൊരുക്കി. പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയുടെ കേന്ദ്രസഹായത്തിനും വനംവകുപ്പ് നടപടിയാരംഭിച്ചിരുന്നു.
വനം വകുപ്പിന് ഏറെ പ്രയോജനകരമായിരുന്നു ഈ കേന്ദ്രം. അകമലയിലെ ക്ലിനിക്കിൽ ചികിത്സയിലുണ്ടായിരുന്ന മൃഗങ്ങളെ പിന്നീട് പുത്തൂരിലേക്ക് മാറ്റി. മൃഗശാലയോട് ചേർന്ന് വന്യജീവി പരിചരണം ചട്ടം അനുവദിക്കുന്നില്ല. പാലക്കാട് ജില്ലാ വെറ്ററിനറി യൂണിറ്റിലെ വെറ്ററിനറി സർജനെയാണ് ഇപ്പോൾ തൃശൂർ ഡിവിഷന് കിഴിലുള്ള അകമലയിലേക്ക് വനം വന്യജീവി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ആവശ്യപ്രകാരം നിയോഗിച്ചത്.