തൃശൂർ: ജില്ലയിൽ മൂന്നാഴ്ചയ്ക്കകം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് നൂറിലേറെ പേർക്ക്. ഡെങ്കിപ്പനി ബാധയെന്ന് സംശയമുള്ള നാനൂറിലേറെ പേരും നിരീക്ഷണത്തിലുണ്ട്. അതേസമയം മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നത് ആശ്വാസകരം. കൊതുകു നിവാരണത്തിന്റെ ഭാഗമായി ബോധവത്കരണവും നിയമനടപടികളും തുടരുന്നതിനിടെ ഡെങ്കി വർദ്ധിക്കുന്നത് ആശങ്കയാകുന്നുണ്ട്.
ശക്തമായ മഴ പെയ്താൽ പുറത്തെ കൊതുകുകൾ ഒലിച്ചു പോകുമെങ്കിലും ഇപ്പോൾ കൊതുകുകൾ കൂടുതലായുള്ളത് വീടിന്റെ അകത്തളങ്ങളിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വീടിനകത്തും സിറ്റൗട്ടിലും മറ്റുമുള്ള ചെടിച്ചട്ടികളിൽ കൊതുകുകൾ വളരുന്നതാണ് ഭീഷണി.
ഡെങ്കി കൂടി റിപ്പോർട്ട് ചെയ്തതോടെ കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം അമ്പതിലേറെ കേസുകളെടുത്ത് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. വാർഡ് തലങ്ങളിലും പഞ്ചായത്ത് തലത്തിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമല്ല. പലയിടത്തും ആരോഗ്യ വകുപ്പ് അധികൃതരും ആശാ പ്രവർത്തകരും മാത്രമാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
പനിക്കാർ 12000 കടന്നു
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പനി ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 12,000 കടന്നു. മഴ ശക്തമായതോടെയാണിത്. ആദ്യ രണ്ടാഴ്ചകളിലെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ദിനംപ്രതി 800 ലേറെ പേർ പനിക്ക് ചികിത്സ തേടുന്നുണ്ട്. 12,365 പേർക്കാണ് ഇതുവരെ പനി പിടിപ്പെട്ടത്. രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന വൈറൽ പനിയാണ് കൂടുതലായി ബാധിക്കുന്നതത്രെ. ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു.
ഡെങ്കിയും വൈറൽ പനിയും പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. വെള്ളം കെട്ടിനിന്ന് കൊതുകുകൾ വളരാൻ സാഹചര്യം ഒരുക്കരുത്.
- ടി.പി. ശ്രീദേവി, ഡി.എം.ഒ