മാള: അപൂർവങ്ങളായ പുരാതന പുസ്തകങ്ങളുടെ വിപുലമായ ശേഖരമുള്ള നാടിന്റെ സ്പന്ദനമായിരുന്ന കുണ്ടൂർ ഗ്രാമീണ വായനശാല ശോചനീയാവസ്ഥയിൽ. ഒരു ഗ്രാമത്തിന്റെ അറിവിന്റെയും വായനയുടെയും പ്രകാശഗോപുരമായിരുന്ന വർഷങ്ങളുടെ പഴക്കമുള്ള വായനശാലാ കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
1930കളിൽ അദ്ധ്യാപകരായ രണ്ടുപേർ മുൻകൈയെടുത്ത് പുസ്തക സ്‌നേഹിയായ ഒരു സ്വകാര്യ വ്യക്തി നൽകിയ മൂന്നു സെന്റ് സ്ഥലത്ത് ഇരുനില കെട്ടിടം പണിത് പ്രവർത്തനം തുടങ്ങിയതാണ് കുണ്ടൂർ ഗ്രാമീണവായനശാല. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന ഒരു വായനശാലയാണിത്. 10000 ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഈ വായനശാലയിലുള്ളത്. ലൈബ്രറി കൗൺസിൽ ഗ്രാൻഡ് ലഭിക്കുന്ന വായനശാലയാണിത്. ടി.യു. രാധാകൃഷ്ണൻ എം.എൽ.എയായിരുന്ന സന്ദർഭത്തിൽ പുതുക്കി പണിയാൻ ഫണ്ട് അനുവദിച്ചെങ്കിലും പി.ഡബ്ല്യു.ഡി റോഡിൽ നിന്നും പഞ്ചായത്ത് റോഡിൽ നിന്നും മൂന്നു മീറ്റർ ദൂരത്തിൽ പണിയണമെന്ന നിബന്ധന വിനയായി. ഇപ്പോൾ ജില്ലാ പഞ്ചായത്ത് വായനശാലയ്ക്ക് ഒരു മുറി പണിയാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ കോൺട്രാക്ടർമാരുടെ സമരം കാരണം നിർമ്മാണം നീണ്ടു പോവുകയാണ്.
കെട്ടിടം ചോർന്നൊലിക്കുന്നു
വായനശാലാ കെട്ടിടം കാലപ്പഴക്കം മൂലം മേൽക്കൂരയുടെ പല ഭാഗത്തും പട്ടിക ഒടിഞ്ഞ് ഓടില്ലാത്ത അവസ്ഥയിലാണ്. കനത്ത മഴയിൽ ചുമരുകൾ നനഞ്ഞ് കുതിരുന്നുമുണ്ട്. മുകളിലെ നില പൂർണമായും നശിച്ചു കഴിഞ്ഞു. ധൈര്യമായിട്ട് വായനശാലയിൽ ഇരുന്നു വായിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. മഴയത്ത് നനഞ്ഞു കുതിർന്ന് ഒട്ടേറെ വിലപ്പെട്ട പുസ്തകങ്ങൾ നശിച്ചു. ആദ്യകാലങ്ങളിൽ എ ഗ്രേഡിലായിരുന്ന വായനശാല ഇന്ന് ഏറ്റവും താഴെയുള്ള എഫ് ഗ്രേഡിലാണ്.
കുണ്ടൂർ ഗ്രാമീണ വായനശാല സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
- മൈത്ര മോഹനൻ
(പൊതുപ്രവർത്തകൻ)